up-dalith-women-killed

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഉന്നാവോയിൽ സമാജ്‌വാദി പാർട്ടി നേതാവും മുൻ മന്ത്രിയുമായ ഫത്തെ ബഹദൂർ സിംഗ് നിർമ്മിച്ച ആശ്രമത്തിൽ നിന്നും ദളിത് യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഉന്നാവോയിലെ സദർ കോട് വാലി പ്രദേശത്ത് നിന്നും കഴിഞ്ഞ ഡിസംബർ 8 ന് കാണാതായ 22 കാരിയുടെ മൃതദേഹമാണ് ആശ്രമത്തിന് സമീപം ഒഴിഞ്ഞ സ്ഥലത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 24ന് ഫത്തെ ബഹദൂറിന്റെ മകൻ രാജോൾ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ജീർണ്ണിച്ച മൃതദേഹം ബ്ലാങ്കറ്റിൽ പൊതിഞ്ഞ് സെപ്ടിക് ടാങ്കിൽ തള്ളിയ നിലയിലായിരുന്നു.

തുടർന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിക്കെതിരെ ആഞ്ഞടിച്ച് ബി.എസ്.പിയും ബി.ജെ.പിയും രംഗത്തെത്തി. യുവതിയെ കാണാതായതിനെ തുടർന്ന് മുൻ മന്ത്രിയുടെ മകനെ സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ നടപടിയുണ്ടായില്ല. രജോൾ സിംഗിനെ സംരക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നതായും ഇതിനായി രാഷ്ട്രീയ ഇടപെടലുകൾ നടക്കുന്നതായും ചൂണ്ടിക്കാട്ടി ബന്ധുക്കൾ രംഗത്തെത്തി. കഴിഞ്ഞ മാസം 24 ന് ലക്‌നൗവിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ അഖിലേഷ് യാദവിന്റെ മുമ്പിൽ യുവതിയുടെ അമ്മ തീകൊളുത്തി മരിക്കാൻ ശ്രമിച്ചതിന് ശേഷമാണ് രജോൾ സിംഗ് അറസ്റ്റിലായത്. തുടർന്ന് സ്റ്റേഷൻ ഓഫീസർ അഖിലേഷ് ചന്ദ്രപാണ്ഡയെ വീഴ്ചയുടെ പേരിൽ സസ്‌പെ‌ൻഡ് ചെയ്തു.

കഴിഞ്ഞ കുറെ ദിവസങ്ങളായി ഉത്തർപ്രദേശിൽ യുവതിയുടെ തിരോധാനം സംബന്ധിച്ച് രാഷ്ട്രീയ വിവാദങ്ങൾ നടക്കുകയായിരുന്നു. സമാജ്‌വാദി പാർട്ടി നേതാവിന്റെ സ്ഥലത്ത് നിന്നും മൃതദേഹം കണ്ടെത്തിയത് പാർട്ടിക്ക് ഈ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ തിരിച്ചടിയായി.

യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം നടുക്കുന്നതും സങ്കടകരവുമാണെന്ന് ബി.എസ്.പി അദ്ധ്യക്ഷ മായാവതി പറഞ്ഞു. ഇരയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ നടപടി എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. യുവതിയെ കൊല ചെയ്ത കുറ്റവാളിയെ ഇത് വരെ അഖിലേഷ് യാദവ് സംരക്ഷിക്കുകയായിരുന്നുവെന്ന് യു.പി ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ കുറ്റപ്പെടുത്തി. യുവതിയുടെ അമ്മ നിങ്ങളുടെ കാറിന് മുമ്പിൽ വന്ന് അപേക്ഷിച്ചിട്ടും നിങ്ങളുടെ നേതാവിനെ നിങ്ങൾ സംരക്ഷിച്ചുവെന്നും മൗര്യ ആരോപിച്ചു.