
ന്യൂഡൽഹി: കൊവിഡ് വ്യാപനത്തെ തുടർന്ന് പരോളിൽ കഴിയുന്ന തടവുകാരോട് തിരികെ ജയിലിലേക്ക് മടങ്ങാൻ നിർബന്ധിക്കരുതെന്ന് സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നിർദ്ദേശം. കേരളത്തിലെ അടുത്ത 10 ദിവസത്തെ സ്ഥിതി വിലയിരുത്തിയശേഷം ഇത് സംബന്ധിച്ച ഹർജികളിൽ ഈ മാസം 25 ന് തീരുമാനമെടുക്കുമെന്ന് ജസ്റ്റിസ് എൽ. നാഗേശ്വരറാവു ,ജസ്റ്റിസ് ബി.ആർ. ഗവായി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. എന്നാൽ കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടി കൂടുതൽ തടവുകാരെ പരോളിൽ വിടാനാകില്ലെന്നും കോടതി വ്യക്തമാക്കി.
പരോളുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. കേരളത്തിലെ കൊവിഡ് വ്യാപനത്തിന്റെ പേരിൽ ജയിലിലുള്ളവർക്ക് മുഴുവൻ പരോൾ അനുവദിക്കാനാകില്ല. പരോൾ തടവ് പുള്ളിയുടെ അവകാശമല്ല. പരോളും ജയിൽ ഉപദേശക സമിതി നൽകുന്ന ജാമ്യവും തമ്മിൽ വ്യത്യാസമുണ്ട്. പരോൾ ശിക്ഷാ കാലാവധിയുടെ ഭാഗമായി കണക്കാക്കുന്നതാണ്. അതു കൊണ്ട് വ്യാപകമായ നിലയിൽ പരോൾ അനുവദിക്കാൻ കോടതിക്ക് കഴിയില്ല. ഉത്തരവ് ഹർജിക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥനയും കോടതി അനുവദിച്ചില്ല.
പരോളിൽ വിട്ടയച്ച 800 തടവ് പുള്ളികളിൽ ഭൂരിഭാഗവും ജീവപര്യന്തം ശിക്ഷയനുഭവിക്കുന്നവരാണെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി.വി. സുരേന്ദ്രനാഥ് ചൂണ്ടിക്കാട്ടി. കേരളത്തിൽ കൊവിഡ് സാഹചര്യം മെച്ചപ്പെട്ടതായും ജയിലിൽ കഴിയുന്നവരുടെ എണ്ണത്തിൽ 3 ശതമാനം മാത്രമാണ് നിലവിൽ കൊവിഡ് ബാധിതരെന്നും അദ്ദേഹം അറിയിച്ചു. ഈ വാദവും കോടതി തള്ളി. ആറ് ദിവസം മുമ്പ് കേരള സർക്കാരിന്റെ വെബ്ബ്സൈറ്റിൽ 22,000 പേരായിരുന്നു പ്രതിദിന രോഗികളെങ്കിൽ ഇപ്പോഴത് 29,000 ലെത്തിയിരിക്കുന്നതായും മരണം ഇരട്ടിയായതായും കോടതി ചൂണ്ടിക്കാട്ടി.