
ന്യൂഡൽഹി:എം.ബി.ബി.എസ് വിദ്യാർത്ഥികൾ ചൊല്ലുന്ന പ്രതിജ്ഞ പ്രാചീന ഗ്രീക്ക് ഭിഷഗ്വരന്റെ പേരിൽ വേണ്ടെന്ന് ദേശീയ മെഡിക്കൽ മിഷൻ. പകരം പ്രാചീന ഭാരതത്തിന്റെ ഭിഷഗ്വരനായ ചരക മഹർഷിയുടെ പേരിൽ പ്രതിജ്ഞ ചെയ്യാനാണ് ദേശീയ മെഡിക്കൽ മിഷന്റെ തീരുമാനം. ഇതിന് കേന്ദ്ര സർക്കാർ ഉടൻ അംഗീകാരം നൽകുമെന്നാണറിയുന്നത്.
ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികൾ കോഴ്സിന് ചേരുന്ന ആദ്യദിനത്തിൽ ചൊല്ലുന്ന ഹിപ്പോക്രാറ്റിക് പ്രതിജ്ഞയാണ് മാറ്റാൻ ഉദ്ദേശിക്കുന്നത്. ബിരുദം പൂർത്തിയാക്കുമ്പോഴും പഠനത്തിന്റെ ആരംഭത്തിൽ വെളുത്ത കോട്ട് നൽകുന്ന ചടങ്ങിലും ഈ പ്രതിജ്ഞ ചൊല്ലാറുണ്ട്.
പ്രാചീന ഗ്രീക്ക് ഭിഷഗ്വരനായ ഹിപ്പോക്രാറ്റിന്റെ പേരിലുള്ള ഈ പ്രതിജ്ഞ ലോകമെഡിക്കൽ അസോസിയേഷൻ 1948 ൽ അംഗീകരിച്ചതാണ്.
നടപ്പിലാകുന്നത്
ആർ.എസ്.എസ് നിർദ്ദേശം
ഹിപ്പോക്രാറ്റിക് പ്രതിജ്ഞയ്ക്ക് പകരം ഭാരതീയമായ സംവിധാനം കൊണ്ട് വരണമെന്ന ആർ.എസ്.എസ് നിർദ്ദേശമാണ് നടപ്പിലാകുന്നതെന്നാണ് സൂചന. ഭാരതീയമായ രീതിയിൽ മെഡിക്കൽ വിദ്യാർത്ഥികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്ന പരിപാടികൾ ആർ.എസ്.എസ് നേതൃത്വത്തിൽ നടക്കാറുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ ദേശീയ മെഡിക്കൽ കമ്മീഷൻ സെക്രട്ടറി സന്ധ്യ ഭുള്ളർ തയ്യാറായില്ല.