ന്യൂഡൽഹി: തങ്ങളുടെ ഫാക്ടറികളിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് വാക്സിൻ ഡോസുകളിൽ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കിറ്റെക്സ് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ഇത് നയപരമായ തീരുമാനമാണെന്നും ഇക്കാര്യത്തിൽ ഇടപെടാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. എന്നാൽ ഈ ആവശ്യം കിറ്റക്സിന് കേന്ദ്രസർക്കാരിന് മുന്നിൽ ഉന്നയിക്കാമെന്ന് സുപ്രീംകോടതി പറഞ്ഞു.

തങ്ങളുടെ ഫാക്ടറികളിലെ പതിനായിരക്കണക്കിന് ജീവനക്കാർക്ക് വിദേശത്ത് ജോലിക്ക് പോകുന്നവർക്ക് അനുവദിച്ചതുപോലെ വാക്സിൻ ഡോസുകളുടെ ഇടവേളകളിലെ ഇളവ് അനുവദിക്കണമെന്ന് കിറ്റക്സിനുവേണ്ടി ഹാജരായ അഭിഭാഷകൻ ഹാരിസ് ബീരാൻ വാദിച്ചു. പണമടച്ച് കൊവിഷീൽഡ് വാക്സിൻ എടുക്കുന്നവർക്ക് രണ്ടാം ഡോസ് നാല് ആഴ്ചകൾക്കുശേഷം അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കിറ്റക്സിന്റെ ഹർജി.