
ന്യൂഡൽഹി: നാളെ തിരഞ്ഞെടുപ്പ് നടക്കുന്ന ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ പരസ്യപ്രചാരണം സമാപിച്ചു. ഉത്തർപ്രദേശിൽ രണ്ടാം ഘട്ട വോട്ടെടുപ്പും നാളെയാണ്.
70 അംഗ ഉത്തരാഖണ്ഡിൽ ഭരണകക്ഷിയായ ബി.ജെ.പിയും പ്രതിപക്ഷമായ കോൺഗ്രസും തമ്മിലാണ് പ്രധാന പോരാട്ടം. വിമതഭീഷണി അതിജീവിക്കാൻ മൂന്നു മുഖ്യമന്ത്രിമാരെ പരീക്ഷിച്ച ബി.ജെ.പി ഭരണം നിലനിറുത്താനുള്ള ശ്രമത്തിലാണ്. മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുന്ന കോൺഗ്രസിനുള്ളിലും പടലപ്പിണക്കങ്ങൾ ഭീഷണിയാണ്. അഞ്ചു വർഷം കൂടുമ്പോൾ ഭരണമാറ്റമെന്ന പതിവ് ആവർത്തിക്കുമെന്ന പ്രതീക്ഷയിൽ കോൺഗ്രസും ഭരണത്തുടർച്ചയ്‌ക്കായി ബി.ജെ.പിയും നിലകൊള്ളുന്നു. സർവേകളിൽ ബി.ജെ.പിക്കാണ് മുൻതൂക്കം. ഭാഗ്യ പരീക്ഷണത്തിന് ആംആദ്മി പാർട്ടിയും രംഗത്തുണ്ട്.
മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ഖാതിമയിലും കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത് ലാൽകുവയിലും ജനവിധി തേടുന്നു.
40 അംഗ ഗോവൻ നിയമസഭയിൽ 2017ൽ 17 സീറ്റ് നേടി വലിയ കക്ഷിയായിട്ടും കപ്പിനും ചുണ്ടിനുമിടയിൽ ഭരണം നഷ്‌ടപ്പെട്ടതിലെ നിരാശ അതിജീവിക്കാൻ ലക്ഷ്യമിട്ട കോൺഗ്രസിനും ഭരണം നിലനിറുത്താൻ ശ്രമിക്കുന്ന ബി.ജെ.പിക്കും പുറമെ എൻ.സി.പി - ശിവസേന, തൃണമൂൽ, ആംആദ്‌മി പാർട്ടികളുടെ സാന്നിധ്യവും തിരഞ്ഞെടുപ്പിനെ വീറുള്ളതാക്കുന്നു. പ്രമോദ് സാവന്ത് സർക്കാരിനെതിരെ അഴിമതിയും ഖനന വിവാദവുമൊക്കെയാണ് എതിരാളികൾ ആയുധമാക്കുന്നത്.
യു.പിയിൽ സഹാറൻപൂർ, ബിജ്‌നോർ, സംഭാൽ, രാംപൂർ, ബറേലി, ബദൗൻ, ഷാജഹാൻപൂർ, അമ്രോഹ, മൊറാദാബാദ് എന്നീ ജില്ലകളിലെ 55 മണ്ഡലങ്ങളിലാണ് നാളെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്.