
ന്യൂഡൽഹി:സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ അടക്കം 28 ബാങ്കുകളിൽ നിന്ന് 22,842കോടി രൂപ വായ്പയെടുത്ത് തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട് സ്വകാര്യ മേഖലയിലെ പ്രമുഖ കപ്പൽ നിർമ്മാണ കമ്പനിയായ എ.ബി.ജി ഷിപ്പ്‌യാർഡിനെതിരെ സി.ബി.ഐ കേസെടുത്ത് അന്വേഷണം തുടങ്ങി. കമ്പനി ഡയറക്ടർമാരായ റിഷി അഗർവാൾ, സന്താനം മുത്തുസ്വാമി, അശ്വിനി കുമാർ എന്നിവർക്കെതിരെയാണ് കേസ്. ഇവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ സി.ബി.ഐ റെയ്ഡ് നടത്തുകയാണ്.
ഇവർ എടുത്ത വായ്പകൾ:
എസ്.ബി.ഐ: 2,925 കോടി
ഐ.സി.ഐ.സി ബാങ്ക്: 7,089 കോടി
ഐ.ഡി.ബി.ഐ: 3,634 കോടി
ബാങ്ക് ഓഫ് ബറോഡ: 16,14 കോടി
പഞ്ചാബ് നാഷണൽ ബാങ്ക്: 1,244കോടി
ഇന്ത്യൻ ഒാവർ സീസ് ബാങ്ക്: 1228 കോടി
2012ഏപ്രിലിനും 2017 ജൂലായ്ക്കും ഇടയിൽ പ്രതികൾ വായ്പയെടുത്ത പണം വകമാറ്റി ചെലവഴിച്ചു. 2019ൽ എസ്.ബി.ഐ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ കേസെടുത്തത്.
ഇന്ത്യൻ ഷിപ്പിംഗ് വ്യവസായത്തിലെ പ്രമുഖനായ റിഷി അഗർവാളാണ് എ.ബി.ജി ഗ്രൂപ്പിന്റെ മുഖ്യ പ്രൊമോട്ടർ. 18,000 ടണ്ണേജ് ഭാരമുള്ള കപ്പലുകൾ നിർമ്മിക്കുന്ന സൂരജ് ഷിപ്പ്‌യാർഡ്, 1,20,000 ടണ്ണേജ് ഭാരമുള്ള കപ്പലുകൾ നിർമ്മിക്കുന്ന ദഹേജ് ഷിപ്പ്‌യാർഡ് എന്നിവയാണ് കമ്പനിയുടെ പ്രധാന സ്ഥാപനങ്ങൾ. ഫ്ളോട്ടിംഗ് ക്രെയിൻ, സിമന്റ് കാരിയറുകൾ, ഇന്റർസെപ്റ്റർ ബോട്ടുകൾ തുടങ്ങിയവ കമ്പനി നിർമ്മിച്ചിരുന്നു. പ്രതിരോധ കപ്പലുകളും നിർമ്മിച്ചു.
ആഗോള സാമ്പത്തിക പ്രതിസന്ധിയിൽ ചരക്കു നീക്കം മന്ദീഭവിച്ചതോടെ കപ്പലുകൾക്കും മറ്റും ആവശ്യം കുറഞ്ഞത് കമ്പനിക്ക് നഷ്‌ടമുണ്ടാക്കി. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നാവികസേന നൽകിയ കരാർ 2011ൽ റദ്ദാക്കിയിരുന്നു.
നിരവ് മോദിയും മെഹുൽ ചോക്സിയും പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 15,423 കോടി രൂപ കടമെടുത്ത് മുങ്ങിയതായിരുന്നു ഇതുവരെയുള്ള വലിയ ബാങ്കിംഗ് കുംഭകോണം.