rahul-and-priyanka

ന്യൂഡൽഹി: ഗാന്ധി കുടുംബത്തിലെ നാലുപേരെ പാർലമെന്റിലേക്ക് അയച്ച ഉത്തർപ്രദേശിനെ അവരുടെ മക്കൾ (രാഹുലും പ്രിയങ്കയും) കേരളത്തിൽ പോയി വിമർശിക്കുകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ഉത്തരാഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് നേതാക്കൾക്ക് ഇന്ത്യയിലെ ജനങ്ങളോട് ഒരു മമതയുമില്ല. കേരളത്തിൽ പോയി ഉത്തർപ്രദേശിലെ ജനങ്ങളെ ചെറുതാക്കുന്ന അവർ വിദേശത്ത് പോയാൽ ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടും. ഹിന്ദുത്വത്തെക്കുറിച്ച് പറയാൻ രാഹുലിന് അവകാശമില്ലെന്നും യോഗി ചൂണ്ടിക്കാട്ടി. താൻ യാദൃശ്ചികമായി ഹിന്ദുവായ ആളാണെന്ന് അദ്ദേഹത്തിന്റെ മുത്തച്ഛൻ പറഞ്ഞിട്ടുണ്ട്. ഹിന്ദുവായതിൽ അഭിമാനമില്ലാത്തവരുടെ പിൻതലമുറക്കാരന് ഹിന്ദുത്വത്തെ നിർവചിക്കാൻ എന്തധികാരം. ഉത്തരാഖണ്ഡിലെ ജനതയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കരുത്. ഹിന്ദു ഒരു സമുദായത്തിന്റെ പേരല്ല. മറിച്ച് അതൊരു സാസ്കാരിക അടയാളമാണ്. ദേവഭൂമിയായ ഉത്തരാഖണ്ഡിൽ ഹിന്ദു എന്നതിന്റെ നിർവചനം അറിയാത്തവർക്ക് ഭരിക്കാൻ അർഹതയില്ലെന്നും യോഗിചൂണ്ടിക്കാട്ടി.

കോൺഗ്രസ് പൂർണമായി മുങ്ങുകയാണെന്നും എന്തെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ സഹോദരനും സഹോദരിയും(രാഹുലുംപ്രിയങ്കയും) ചേർന്ന് നശിപ്പിക്കുമെന്നും യോഗി പരിഹസിച്ചു.