
ന്യൂഡൽഹി: അനന്തരവനും പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയുമായുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെ തൃണമൂൽ കോൺഗ്രസ് ദേശീയ പ്രവർത്തക സമിതി രൂപീകരിച്ച മമത ബാനർജിയുടെ നീക്കം പാർട്ടി സ്വന്തം കൈപിടിയിൽ തന്നെ വയ്ക്കാനാണെന്ന് വിലയിരുത്തപ്പെടുന്നു. പാർട്ടി രൂപീകരണം മുതൽ ഒപ്പം നിന്ന നേതാക്കൾക്ക് പ്രാമുഖ്യം നൽകിയാണ് പ്രവർത്തക സമിതി പ്രഖ്യാപിച്ചത്. അടുത്തിടെ പാർട്ടി ദേശീയ അദ്ധ്യക്ഷയായി മമതയെ വീണ്ടും തിരഞ്ഞെടുത്ത ശേഷം രൂപം നൽകിയ അഡ്ഹോക്ക് കമ്മിറ്റി യോഗം ചേർന്നാണ് പുതിയ പ്രവർത്തക സമിതി പ്രഖ്യാപിച്ചത്. യോഗത്തിൽ അഭിഷേക് ബാനർജിയും ബദ്ധവൈരിയായ പാർത്ഥ ചാറ്റർജിയും പങ്കെടുത്തു. പുതിയ ദേശീയ ഭാരവാഹികളെയും ഉടൻ പ്രഖ്യാപിച്ചേക്കും. സംഘടന പൂർണമായും കൈപ്പിടിയിലൊതുക്കാനുള്ള അഭിഷേക് ബാനർജിയുടെ നീക്കം ഒരു പിളർപ്പിലേക്ക് നീങ്ങുമെന്നുറപ്പായതോടെയാണ് മമത പുതിയ കമ്മിറ്റി പ്രഖ്യാപിച്ചത്.
പാർട്ടി പിടിക്കാൻ അഭിഷേകിന്റെ
ഒരാൾക്ക് ഒരു പദവി
തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ സ്ഥാപനവുമായ ഐ-പാകിന്റെ സഹായത്തോടെ പാർട്ടിയിലെ ഒരു വിഭാഗത്തെ ഒതുക്കി സംഘടന മുഴുവൻ വരുതിയിലാക്കാനാണ് അഭിഷേകിന്റെ നീക്കമെന്ന് മുതിർന്ന നേതാക്കൾ പറയുന്നു. ഒരാൾക്ക് ഒരു പദവി എന്ന അഭിഷേകിന്റെയും ഐ-പാകിന്റെയും പദ്ധതി അംഗീകരിക്കാൻ മുതിർന്ന നേതാക്കൾ തയാറല്ല. ബംഗാളിലെ ഭരണത്തിലും പാർട്ടിയിലും ഒരു പോലെ ചുമതല വഹിക്കുന്നവരെ സംഘടനാ ചുമതലയിൽ നിന്നും ഒഴിവാക്കി അദ്ധ്യക്ഷ സ്ഥാനത്തെത്താനുള്ള തന്ത്രമാണ് അഭിഷേക് നടത്തുന്നതെന്ന് മുതിർന്ന നേതാക്കൾ ആരോപിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള സ്ഥാനാർത്ഥി പട്ടികയാണ് ഭിന്നത മറനീക്കി പുറത്ത് വരാൻ കാരണം. മമത ബാനർജി ഒപ്പിട്ട സ്ഥാനാർത്ഥി പട്ടിക സംസ്ഥാന അദ്ധ്യക്ഷൻ സുബ്രത ബക്ഷിയും ദേശീയ ജനറൽ സെക്രട്ടറി പാർത്ഥാ ചാറ്റർജിയും ചേർന്ന് പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെ മറ്റൊരു സ്ഥാനാർത്ഥി പട്ടിക പാർട്ടിയുടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. ഇത് പാർട്ടിക്കുള്ളിൽ വലിയ ഭിന്നതയ്ക്കിടയാക്കി. പ്രതിഷേധവുമായി പ്രവർത്തകർ തെരുവിലിറങ്ങി. പ്രശ്നം രൂക്ഷമായതോടെ പാർത്ഥാ ചാറ്റർജിയും സുബ്രത ബക്ഷിയും പുറത്ത് വിട്ട പട്ടികയാണ് ഔദ്യോഗിക പട്ടികയെന്ന് മമതയ്ക്ക് പരസ്യമായി പ്രഖ്യാപിക്കേണ്ടി വന്നു. ഇതോടെ അഭിഷേകിനെ അനുകൂലിക്കുന്നവർ പാർത്ഥ ചാറ്റർജിക്കെതിരെ പരസ്യമായി പ്രതികരിച്ചു. പാർട്ടിയുടെ ചുമതല സമീപ ഭാവിയിൽ അഭിഷേക് ഏറ്റെടുക്കുമെന്നായിരുന്നു മദൻ മിത്രയുടെ പ്രതികരണം. മദൻ മിത്രയ്ക്ക് പാർട്ടി നോട്ടീസ് നൽകിയത് പ്രശ്നം രൂക്ഷമാക്കി.
അതൃപ്തി
പരസ്യമാക്കി മമത
കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ അഖിലേഷ് യാദവിനായി തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പോകുകയായിരുന്ന മമത ബാനർജിയോട് മാദ്ധ്യമ പ്രവർത്തകർ ഗോവയിലെ തിരഞ്ഞെടുപ്പ് പ്രചരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ നൽകിയ മറുപടി വലിയ വിവാദമായി.
'ഗോവയിൽ ആരോ എന്തൊക്കെയോ ചെയ്യുന്നു. എനിക്കറിയില്ല. കൂടുതൽ താല്പര്യമുള്ള മറ്റ് പ്രദേശങ്ങളിലേക്കാണ് ഞാൻ പോകുന്നത്.' മമത പറഞ്ഞു. അഭിഷേകിന്റെയും പ്രശാന്ത് കിഷോറിന്റെയും ഗോവയിലെ തന്ത്രങ്ങൾ പലതും പാളി പോയിരുന്നു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഐ-പാക് ദുരുപയോഗം ചെയ്തുവെന്ന് ബംഗാൾ മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ ചന്ദ്രിമ ഭട്ടാചാര്യയും ആരോപിച്ചു.