
ന്യൂഡൽഹി:ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങളിലും യു പിയിലെ രണ്ടാം ഘട്ടത്തിലെയും വോട്ടെടുപ്പ് ഇന്ന് നടക്കും. ഉത്തരാഖണ്ഡിൽ ആദ്യമായി ഒരു സർക്കാരിന് തുടർഭരണം എന്ന ചരിത്രം രചിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. ചരിത്രം ആവർത്തിക്കുമെന്നും അധികാരത്തിൽ തിരിച്ചെത്തുമെന്നും കോൺഗ്രസും ആത്മവിശ്വസം പ്രകടിപ്പിക്കുന്നു.
ഉത്തരാഖണ്ഡിൽ13 ജില്ലകളിലായി 70 മണ്ഡലങ്ങളിൽ 81 ലക്ഷം വോട്ടർമാരാണുള്ളത്. 632 സ്ഥാനാർത്ഥികളുണ്ട്. ഉത്തരാഖണ്ഡിലെ 70 സീറ്റുകളിലും ഗോവയിലെ 40 സീറ്റിലും ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്. യു പിയിലെ രണ്ടാം ഘട്ടത്തിൽ 55 മണ്ഡലങ്ങളിലെ വിധിയെഴുത്താണ് ഇന്ന്.
ഗോവയിൽ ശക്തമായ പോരാട്ടത്തിൽ 301 സ്ഥാനാർത്ഥികൾ ജനവിധി തേടുന്നു. ബി.ജെ.പിക്കും കോൺഗ്രസിനുമൊപ്പം ആം ആദ്മി, തൃണമൂൽ കോൺഗ്രസ്, എൻ.സി.പി-ശിവസേന തുടങ്ങിയ പാർട്ടികളും സജീവമാണ്. ഇത്തവണയും ഭരണത്തിലെത്തിയാൽ ഹാട്രിക് നേട്ടം ബി.ജെ.പിക്ക് ലഭിക്കും.