modi

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് പഞ്ചാബിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിഷേധിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച. ഇതോടെ പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച നടപടികൾ വീണ്ടും ശ്രദ്ധാകേന്ദ്രമാകുകയാണ്. ഇന്നും 16,17 തിയതികളിലുമായി മാൾവ, ദോബ, മജ എന്നീ മൂന്ന് മേഖലകൾ ഉൾക്കൊള്ളുന്ന റാലികളിലാണ് നരേന്ദ്രമോദി പ്രസംഗിക്കുന്നത്.

ഇന്ന് ജലന്തറിലും 16ന് പത്താൻ കോട്ടിലും 17ന് അബോഹറിലുമാണ് ആദ്യ റാലികൾ. ജലന്തർ, കപൂർത്തല, ഭട്ടിൻഡ എന്നീ മേഖലകളിലെ 27 നിയമസഭാ മണ്ഡലങ്ങളിൽ ബുധനാഴ്ച നടത്താനിരുന്ന നരേന്ദ്രമോദിയുടെ വെർച്വൽ റാലി റദ്ദാക്കിയ ശേഷമാണ് ഇന്നും 16,17 തിയതികളിലുമായി നടക്കുന്ന റാലികളിൽ അദ്ദേഹം പങ്കെടുക്കുമെന്നറിയിച്ചത്.

പ്രധാനമന്ത്രി കടന്ന് പോകുന്ന വഴികളിൽ കരിങ്കൊടി കാണിക്കുമെന്നും പ്രധാനമന്ത്രിയുടെ കോലം കത്തിക്കുമെന്നുമാണ് എസ്.കെ.എമ്മിന്റെ പ്രഖ്യാപനം. എന്നാൽ റോഡ് ഉപരോധിക്കില്ലെന്ന് ബർണാലയിലെ തർക്ഷീൽ ഭവനിൽ നടന്ന സംഘടനകളുടെ യോഗത്തിന് ശേഷം കർഷക നേതാവ് ഗുർ ഭക്ഷ് സിംഗ് പറഞ്ഞു.

ഇന്ന് ബർണാല ജില്ലയിലെമ്പാടും കോലം കത്തിക്കാനാണ് തീരുമാനം. 16ന് സംസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി കടന്ന് പോകുന്ന വഴിയോരങ്ങളിൽ കരിങ്കൊടി കാണിക്കും.

കർഷക സംഘടനകൾ നടത്തിയ സമരം പിൻവലിക്കുമ്പോൾ കേന്ദ്രസർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിലുള്ള പ്രതിഷേധം പ്രകടിപ്പിക്കാനാണ് കോലം കത്തിക്കലും കരിങ്കൊടി കാട്ടലുമെന്ന് ഗുർഭക്ഷ് സിംഗ് പറഞ്ഞു. കർഷകർക്കെതിരായ കേസുകൾ പിൻവലിക്കാനോ മിനിമം താങ്ങുവില കമ്മിറ്റി രൂപീകരിക്കാനോ കേന്ദ്രസർക്കാർ തയാറായില്ല.

നരേന്ദ്രമോദി

ഹെലികോപ്ടറിൽ പോകണം

ഇന്ന് പഞ്ചാബിവെത്തുന്ന നരേന്ദ്രമോദി ഹെലികോപ്ടറിൽ പോകണമെന്ന കോൺഗ്രസ് എം.പി രവനീത് സിംഗ് ബിട്ടുവിന്റെ പ്രസ്താവന വിവാദമായി.

'ഒരു വർഷം പഞ്ചാബികളെ റോഡിൽ നിറുത്തിയത് ജനങ്ങൾ മറന്നിട്ടില്ല. അതുകൊണ്ട് മോദി റോഡ് മാർഗം വന്നാൽ ചില പ്രശ്നങ്ങളുണ്ടായേക്കാം.' ബിട്ടു പറഞ്ഞു.

ഇന്ത്യൻ പ്രധാനമന്ത്രിക്ക് സുരക്ഷിതമായി വഴിയൊരുക്കാൻ കഴിയാത്ത പഞ്ചാബ് മുഖ്യന്ത്രി ചരൺജിത്ത് സിംഗ് ചന്നിക്ക് എങ്ങിനെ പഞ്ചാബിന് സുരക്ഷ നൽകാനാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ ലുധിയാനയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ ചോദിച്ചു.

ജനുവരി അഞ്ചിന് പഞ്ചാബിലെത്തിയ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം സുരക്ഷാ വീഴ്ചയിൽപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ജാഗ്രതയോടെയാണ് ഇന്ന് പഞ്ചാബിലെത്തുന്ന പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്നത്.