
ന്യൂഡൽഹി: ഹിജാബ് വിവാദത്തിൽ പുതിയ പ്രസ്താവനയുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസി. ഹിജാബ് ധരിച്ച പെൺകുട്ടി ഒരിക്കൽ ഇന്ത്യൻ പ്രധാനമന്ത്രിയാകുമെന്നും ഒരു പക്ഷേ അത് കാണാൻ താൻ ജീവനോടെ ഉണ്ടാകില്ലെന്നും ഒവൈസി പറഞ്ഞു.
'എന്റെ ഈ വാക്കുകൾ കുറിച്ചുവയ്ക്കണം. ഹിജാബ് ധരിച്ച പെൺകുട്ടികൾ കോളേജുകളിൽ പോയി ജില്ലാ കളക്ടറും ഡോക്ടറും ബിസിനസുകാരിയുമൊക്കെ ആകുന്നത് പോലെ ഒരിക്കൽ ഇന്ത്യൻ പ്രധാനമന്ത്രി പദവിയിലുമെത്തിച്ചേരും.' ഒവൈസി പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കിയത്. നമ്മുടെ പെൺമക്കൾ ഹിജാബ് ധരിക്കാൻ തീരുമാനിച്ചാൽ ആരാണ് അവരെ തടയുന്നതെന്ന് നമുക്ക് നോക്കാം. എല്ലാ രക്ഷിതാക്കളും അവരുടെ ആഗ്രഹങ്ങളെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. കർണ്ണാടകയിലെ ഉഡുപ്പിയിൽ സർക്കാർ പ്രീ - യൂണിവേഴ്സിറ്റി കോളേജിൽ ആരംഭിച്ച ഹിജാബ് വിഷയം സുപ്രീംകോടതി വരെ എത്തി നിൽക്കുമ്പോഴാണ് ഒവൈസിയുടെ പുതിയ പ്രതികരണം.