
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നിയുടെ ഹെലികോപ്ടർ യാത്ര തടഞ്ഞത് വിവാദമായി. പ്രധാനമന്ത്രിയുടെ സഞ്ചാരപഥത്തിന്റെ ഭാഗമായതിനാലാണ് അനുമതി നൽകാതിരുന്നതെന്നാണ് അധികൃതരുടെ വാദം. ഹോഷിയാർപൂരിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന റാലിയിലെത്തിച്ചേരാനായി ചാണ്ഡിഗഡിലെ രാജേന്ദ്ര പാർക്കിൽ നിന്നും പുറപ്പെടാനായിരുന്നു മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നി നിശ്ചയിച്ചിരുന്നത്. മുഖ്യമന്ത്രി യാത്ര ചെയ്യേണ്ട മേഖല സുരക്ഷാകാരണങ്ങളാൽ പറക്കൽ നിരോധിത മേഖലയിലാണെന്നും അനുമതി നൽകാനാവില്ലെന്നുമായിരുന്നു അധികൃതരുടെ വിശദീകരണം. എന്നാൽ ഹോഷിയാർപൂരിൽ രാഹുലിന്റെ ഹെലികോപ്ടർ ഇറങ്ങുന്നതിന് തടസമുണ്ടായില്ല. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിന് അനുമതി നിഷേധിച്ചതിനെതിരെ കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചു. കഴിഞ്ഞ മാസം 5 ന് പഞ്ചാബിലെ ഫിറോസ്‌പൂരിൽ പ്രധാനമന്ത്രിക്ക് പാർട്ടി പൊതു സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നത് വിവാദമായിരുന്നു. ഇത്തവണ അദ്ദേഹത്തിന്റെ സന്ദർശനത്തോടനുബന്ധിച്ച് പഞ്ചാബ് മുഖ്യമന്ത്രിയുടെ ഹെലികോപ്ടർ യാത്ര തടസപ്പെട്ടതും വിവാദമാകുകയാണ്.
ഇത് തിരഞ്ഞെടുപ്പ്
രാഷ്ട്രീയമാണ്: ഛന്നി
'രാവിലെ ഇവിടെ നിന്ന് പുറപ്പെട്ട് ഹോഷിയാർപൂരിലിറങ്ങാൻ എനിക്ക് അനുമതി ലഭിച്ചതാണ്. ഞാൻ ഹെലികോപ്ടറിലെത്തിയപ്പോഴാണ് പറക്കാൻ കഴിയില്ലെന്നറിയിക്കുന്നത്. അനുമതിക്കായി രണ്ടര മണിക്കൂർ കാത്തിരുന്നു. അവർ അനുവാദം നൽകിയില്ല. ഇന്നലെ രാത്രി അക്കാര്യം എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാൻ കാറിൽ ഹോഷിയാർപൂരിൽ എത്തുമായിരുന്നു. ഇന്ന് രാവിലെയും കാത്തിരിക്കാനാണ് പറഞ്ഞത്. ഇത് ഒരു തിരഞ്ഞെടുപ്പ് തന്ത്രമാണ്. ജനങ്ങൾക്ക് എല്ലാം മനസിലാകും. ഞാൻ വീഡിയോ കോൺഫറൻസ് വഴി സംസാരിക്കും.'-ചന്നി പറഞ്ഞു.