
ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു പരീക്ഷണത്തിനും പോകരുതെന്ന് വോട്ടർമാരോട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഹോഷിയാർപൂരിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
'പഞ്ചാബ് ഒരു പരീക്ഷണശാലയല്ല. പഞ്ചാബിൽ സമാധാനം നിലനിറുത്താൻ കോൺഗ്രസിന് മാത്രമെ കഴിയൂ. തന്റെ പാർട്ടിക്ക് പഞ്ചാബിനെ നന്നായി മനസിലാക്കാനും സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാനും കഴിയും. ആം ആദ്മി പാർട്ടിക്ക് പഞ്ചാബിനെ മനസിലാക്കാനോ പരിപാലിക്കാനോ കഴിയില്ല. ഡൽഹിയിൽ അവർ പൂർണമായും പരാജയപ്പെട്ടു. പഞ്ചാബിനെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം സമാധാനവും സാഹോദര്യവും ഐക്യവുമാണ്.'- രാഹുൽ പറഞ്ഞു.
തൊഴിലില്ലായ്മയെക്കുറിച്ചും കള്ളപ്പണത്തെക്കുറിച്ചും നരേന്ദ്ര മോദി ഇപ്പോൾ സംസാരിക്കാറില്ല. നോട്ട് നിരോധനവും ചരക്ക് സേവന നികുതിയും കൊണ്ട് രണ്ടോ മൂന്നോ ശതകോടീശ്വരന്മാർക്ക് മാത്രമാണ് പ്രയോജനം ലഭിച്ചത്. പഞ്ചാബിലെ മയക്ക് മരുന്ന് ഭീഷണിയെക്കുറിച്ച് ചൂണ്ടിക്കാട്ടിയ അമിത് ഷായെയും രാഹുൽ വിമർശിച്ചു. എന്ത് കൊണ്ടാണ് തന്റെ സഖ്യ കക്ഷിയായിരുന്ന അകാലിദളിന്റെ സർക്കാരുണ്ടായിരുന്നപ്പോൾ ഈ വിഷയം സംസാരിക്കാതിരുന്നത്. തന്റെ പാർട്ടിയുടെ തുടർ ഭരണം പഞ്ചാബിൽ നിന്നും മയക്കുമരുന്ന് തുടച്ചു നീക്കുമെന്നും രാഹുൽ പറഞ്ഞു.