yogi

ഹിജാബ് വിഷയത്തിൽ യോഗി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള പുതിയ ഇന്ത്യ ഭരണഘടന പ്രകാരമാണ് പ്രവർത്തിക്കുന്നതെന്നും ശരിയത്ത് നിയമത്തിന് സാധുതയില്ലെന്നും കർണാടകയിലെ ഹിജാബ് വിവാദത്തിൽ ഇടപെട്ട ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗിആദിത്യനാഥ് വ്യക്തമാക്കി.

വികസനം മുദ്രാവാക്യമാക്കി ലോകത്തെ ജനപ്രിയ നേതാവ് നരേന്ദ്രമോദി ഭരിക്കുന്ന പുതിയ ഇന്ത്യ ഭരണഘടനയ്‌ക്ക് അനുസൃതമായാണ് പ്രവർത്തിക്കുന്നത്. ശരിയത്ത് നിയമ പ്രകാരമല്ല. മുത്തലാക്ക് നിറുത്തിലാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി മുസ്ളിം പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കി. ഭരണഘടന പ്രകാരം സംവിധാനം പ്രവർത്തിക്കുമ്പോൾ ഒാരോ പെൺകുട്ടിയും സുരക്ഷിതയാണെന്നും ഹിജാബ് ധരിക്കുന്ന പെൺകുട്ടി ഒരിക്കൽ പ്രധാനമന്ത്രിയാകുമെന്ന എ.ഐ.എം.ഐ.എം. നേതാവ് അസദുദ്ദീൻ ഒാവൈസിയുടെ പ്രസ്താവനയ്ക്ക് യോഗി മറുപടി പറഞ്ഞു. ഇന്ത്യയെ പിടിച്ചടക്കാമെന്ന താലിബാൻ നിലപാടുകാരുടെ സ്വപ്നം ലോകാവസാനം വരെ നടക്കില്ലെന്നും യോഗി പറഞ്ഞു.

ഇന്ത്യയിലെ സംവിധാനങ്ങൾ ഭരണഘടന പ്രകാരം പ്രവർത്തിക്കണം. വ്യക്തി വിശ്വാസങ്ങളും അഭിലാഷങ്ങളും ഇഷ്ടക്കേടുകളും രാജ്യത്തിനും സ്ഥാപനങ്ങൾക്കും മേൽ അടിച്ചേൽപ്പിക്കാനാകില്ല. കാവി വസ്ത്രം ധരിക്കാൻ യു.പിയിലെ ജനങ്ങളോട് ആവശ്യപ്പെടുന്നില്ലല്ലോ. എന്നാൽ സ്കൂളുകളിൽ ഒരു ഡ്രസ് കോഡ് വേണം. ഇത് വിദ്യാലയങ്ങളിലെ അച്ചടക്കത്തിന്റെ വിഷയമാണ്. സ്ഥാപനങ്ങളിൽ വ്യക്തിഗത വിശ്വാസങ്ങൾക്ക് സ്ഥാനമില്ല. ദേശീയതയിലേക്ക് വരുമ്പോൾ ഭരണഘടനയ്ക്കാണ് പ്രധാന്യം.

കോൺഗ്രസിനെ മുക്കാൻ സഹോദരങ്ങൾ മതി

കോൺഗ്രസ് പാർട്ടിയെ മുക്കാൻ മറ്റാരുടെയും സഹായം ആവശ്യമില്ലെന്നും സഹോദരനും സഹോദരിയും അതിനു പറ്റിയ ആളുകളാണെന്നും രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും പരിഹസിച്ച് യോഗി. ഇരുവരും ഉത്തരാഖണ്ഡിൽ കോൺഗ്രസിന് ബാദ്ധ്യതയാണ്. ഉത്തർപ്രദേശുമായി അതിർത്തി പങ്കിടുന്ന, ഗംഗയും യമുനയും ഉത്ഭവിക്കുന്ന, അതിർത്തിയിൽ സേന കാവൽ നിൽക്കുന്ന ഉത്തരാഖണ്ഡിന് പ്രാധാന്യമേറെയാണെന്നും ജനങ്ങളോട് ഉചിതമായി വോട്ടു ചെയ്യാൻ അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.