
ന്യൂഡൽഹി: ഫോട്ടോയെടുക്കുമ്പോൾ തങ്ങളുടെ സൗന്ദര്യം ഇഷ്ടാനുസരണമാക്കാവുന്ന ബ്യൂട്ടി കാം, രാജ്യത്ത് ഏറ്റവുംകൂടുതൽ ഡൗൺലോഡ് ചെയ്യപ്പെടുന്ന ജനപ്രിയ ഗെയിമിംഗ് ആപ്പായ 'ഗരീനാ ഫ്രീ ഫെയർ' ഉൾപ്പെടെ 54 ചൈനീസ് ആപ്പുകൾ കൂടി ഇന്ത്യയിൽ നിരോധിച്ചു. രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുന്ന തരത്തിൽ വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കുന്നത് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശ പ്രകാരം ഐ.ടി മന്ത്രാലയമാണ് നടപടിയെടുത്തത്. വിവരങ്ങൾ വിദേശ സെർവറുകളിലേക്ക് മാറ്റുന്നുവെന്നും അവ ദുരുപയോഗപ്പെടുത്തുവെന്നും കേന്ദ്ര സർക്കാർ വിശദീകരിച്ചു. നിരോധിച്ചതിന് പിന്നാലെ ആപ്പുകൾ ഗൂഗിൾ പ്ളേ സ്റ്റോറിൽ നിന്നടക്കം അപ്രത്യക്ഷമായി.
2020 മെയിൽ അതിർത്തി സംഘർഷം ഉടലെടുത്തശേഷം ഇതുവരെ 321 ചൈനീസ് ആപ്പുകളാണ് നിരോധിച്ചത്.
'പബ്ജി' നിരോധിക്കപ്പെട്ടശേഷം ഏറെ ജനപ്രീതിയാർജിച്ച ഗെയിമിംഗ് ആപ്പാണ് ഗരീനാ ഫ്രീ ഫെയർ. മുഖക്കുരു ഉൾപ്പെടെ മാറ്റി ഫോട്ടോയിൽ കൂടുതൽ സൗന്ദര്യമുള്ളതാക്കി മാറ്റാൻ കഴിയുന്ന ബ്യൂട്ടി കാം ആപ്പും കൂടുതൽപേർ ഉപയോഗിക്കുന്നതാണ്. നേരത്തെ നിരോധിച്ചശേഷം പേരുമാറ്റി പ്രത്യക്ഷപ്പെട്ട ആലിബാബ, നെറ്റ് ഈസ്, ടെൻസെന്റ് എന്നിവയും നിരോധിച്ചു. മ്യൂസിക് പ്ളെയർ, വീഡിയോ പ്ളെയർ മീഡിയ ഒാൾ ഫോർമാറ്റ്, വോളിയം ബൂസ്റ്റർ, വിവാ വീഡിയോ എഡിറ്റർ, ലൈവ് വെതർ ആൻഡ് റഡാർ അലർട്ട്, നോട്ട്സ്-കളർ നോട്ട്പാഡ്, നോട്ട്ബുക്ക്, എം.പി 3 കട്ടർ, ബാർ കോഡ്-ക്യു ആർ കോഡ് സ്കാനർ, ലൈക്ക കാം തുടങ്ങിയവയും നിരോധിച്ചവയിൽപെടുന്നു.