polling

ന്യൂഡൽഹി: മൂന്ന് സംസ്ഥാനങ്ങളിലായി ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ ഗോവയിൽ രേഖപ്പെടുത്തിയത് കനത്ത പോളിംഗ്. വൈകിട്ട് 5 മണിയോടെ 75.29 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഉത്തരാഖണ്ഡിൽ 55.37 ശതമാനവും രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശിൽ 60.44 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ഗോവയിലും ഉത്തർപ്രദേശിലും രാവിലെ 7 ന് വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ കനത്ത ശൈത്യം മൂലം ഉത്തരാഖണ്ഡിൽ 8 മണിക്കാണ് പോളിംഗ് തുടങ്ങിയത്.

11 ലക്ഷം വോട്ടർമാരുള്ള ഗോവയിൽ 40 അസംബ്ലി സീറ്റുകളിലായി 301 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. തുടർച്ചയായി രണ്ട് തവണ ഗോവയിൽ അധികാരത്തിലുള്ള ബി.ജെ.പി സർക്കാർ ഹാട്രിക് വിജയത്തിനായി പൊരുതുമ്പോൾ ഭരണമാറ്റത്തിനായി കോൺഗ്രസ്, എ.എ.പി, തൃണമൂൽ കോൺഗ്രസ് എന്നിവരും ശക്തമായ പോരാട്ടത്തിലാണ്.

81 ലക്ഷം വോട്ടർമാരുള്ള ഉത്തരാഖണ്ഡിൽ 70 സീറ്റുകളിലായി 632 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. ബി.ജെ.പി തുടർഭരണം തേടുമ്പോൾ ഭരണത്തിൽ തിരിച്ചെത്താനാണ് കോൺഗ്രസിന്റെ പോരാട്ടം.

രണ്ടാം ഘട്ടത്തിൽ ഉത്തർപ്രദേശിലെ 55 മണ്ഡലങ്ങളിലായി 586 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ ഈ 55 മണ്ഡലങ്ങളിൽ ബി.ജെ.പി 38 സീറ്റുകൾ നേടിയിരുന്നു. എന്നാൽ മുസ്ലിം, യാദവ ഭൂരിപക്ഷ പ്രദേശങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയിൽ നിന്ന് കനത്ത വെല്ലുവിളിയാണ് ബി.ജെ.പി നേരിടുന്നത്.