lalu-prasad-yadav

ന്യൂഡൽഹി: ബീഹാറിലെ മൃഗക്ഷേമ വകുപ്പിലെ കാലിത്തീറ്റ കുംഭകോണത്തിലെ അഞ്ചാമത്തെ കേസിലും മുൻ ബീഹാർ മുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) നേതാവുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് റാഞ്ചിയിലെ സി.ബി.ഐ കോടതി വിധിച്ചു. 21ന് ശിക്ഷ പ്രഖ്യാപിക്കും. 1995-96 കാലത്ത് ഡൊറാൻഡ ട്രഷറിയിൽ നിന്ന് അനധികൃതമായി 139.35 കോടി രൂപ പിൻവലിച്ച കേസിലാണിത്. ലാലുവടക്കം 99 പ്രതികളും കോടതിയിൽ ഹാജരായിരുന്നു. ലാലു ഇപ്പോൾ ജുഡിഷ്യൽ കസ്റ്റഡിയിലാണ്.

6 സ്ത്രീകൾ ഉൾപ്പെടെ 24 പേരെ തെളിവുകളില്ലെന്ന് കാട്ടി വെറുതെ വിട്ടു. കുറ്റക്കാരെന്ന് കണ്ടെത്തിയ 35 പേർക്ക് മൂന്ന് വർഷം ശിക്ഷ വിധിച്ചു. 40 പേരുടെ ശിക്ഷയാണ് 21ന് പ്രഖ്യാപിക്കുന്നത്. ലാലുവിന്റെ ആരോഗ്യനില മോശമായതിനാൽ റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് മാറ്റാൻ അപേക്ഷ നൽകിയതായി അഭിഭാഷകൻ അനന്ത് കുമാർ പറത്തു.

ആദ്യത്തെ നാല് കേസുകളിലും തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട ലാലു പ്രസാദ് യാദവ് 2017 ഡിസം. മുതൽ മൂന്നര വർഷം ജയിലിലായിരുന്നു. ശേഷം ജാമ്യത്തിലിറങ്ങിയതാണ്.

കേസിൽ 170 പ്രതികൾ,

55 പേർ ജീവിച്ചിരിപ്പില്ല.

കേസിൽ ആകെയുണ്ടായിരുന്ന 170 പ്രതികളിൽ 55 പേർ ജീവനോടെയില്ല. ഏഴ് പേർ മാപ്പ് സാക്ഷികളായി. രണ്ട് പേർ കുറ്റം സമ്മതിച്ചു. ആറ് പ്രതികൾ ഇപ്പോഴും ഒളിവിലാണ്. ലാലുവിനെ കൂടാതെ മുൻ എം.പി ജഗദീഷ് ശർമ്മ, അന്നത്തെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ ധ്രുവ് ഭഗത്, മൃഗ സംരക്ഷണ സെക്രട്ടറി ബെക്ക് ജൂലിയസ്, മൃഗസംരക്ഷണ വകുപ്പ് അസി.ഡയറക്ടർ ഡോ.കെ.എം പ്രസാദ് എന്നിവരാണ് പ്രധാന പ്രതികൾ.

കേസ് തുടങ്ങുന്നത് 1996 ൽ
1991 മുതൽ 1996 വരെ ലാലുപ്രസാദ് യാദവ് ബീഹാർ മുഖ്യമന്ത്രിയായിരിക്കെ വിവിധ ജില്ലകളിലെ സർക്കാർ ട്രഷറികളിൽ നിന്ന് 950 കോടി രൂപയുടെ പൊതു ഫണ്ട് പിൻവലിച്ച് തട്ടിപ്പ് നടത്തിയതാണ് കാലിത്തീറ്റ കുംഭകോണം. ദുംക, ദിയോഘർ, ചൈബാസ ട്രഷറികളുമായി ബന്ധപ്പെട്ട നാല് കേസുകളിൽ 14 വർഷം തടവിനും മൊത്തം 60 ലക്ഷം രൂപ പിഴയടക്കാനും ലാലുവിനെ ശിക്ഷിച്ചിരുന്നു.

 ബീഹാറിലെ മൃഗസംരക്ഷണ വകുപ്പിൽ 1996 ജനവരിയിൽ നടത്തിയ റെയ്ഡിലാണ് കോടികളുടെ തട്ടിപ്പ് പുറത്തായത്.

1997 ജൂണിൽ ലാലുവിനെയടക്കം സി.ബി.ഐ കേസിൽ പ്രതിയാക്കി.

 2013 ൽ ഒരു കേസിൽ ലാലു ഉൾപ്പെടെ 45 പേരെ ശിക്ഷിച്ച് റാഞ്ചി ജയിലിലയച്ചു.

2013 ൽ സുപ്രീംകോടതി ലാലുവിന് ജാമ്യം അനുവദിച്ചു.

 2017ൽ മറ്റൊരു കേസിൽ സി.ബി.ഐ കോടതി ലാലുവടക്കം 15 പേരെ കുറ്റക്കാരായി കണ്ടെത്തി ശിക്ഷിച്ച് ബിർസമുണ്ട ജയിലിലേക്കയച്ചു.

അന്ന് മുതൽ ശിക്ഷയുടെ ഭൂരിഭാഗവും ലലു പ്രസാദ് യാദവ് കഴിച്ചു കൂട്ടിയത് രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലായിരുന്നു.

 ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ വർഷം ജനവരിയിൽ ലാലുവിനെ ഡൽഹിയിലെ എയിംസിൽ പ്രവേശിപ്പിച്ചു.

ജാർഖണ്ഡ് ഹൈക്കോടതി കഴിഞ്ഞ വർഷം ഏപ്രിലിലാണ് ജാമ്യം അനുവദിച്ചത്.