
ന്യൂഡൽഹി: നാല് ദിവസങ്ങൾക്ക് ശേഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പഞ്ചാബിൽ കോൺഗ്രസിന് തിരിച്ചടിയായി മുൻ കേന്ദ്ര നിയമമന്ത്രി അശ്വനികുമാർ രാജിവച്ചു.
പാർട്ടിയിൽ തന്നെ ഒതുക്കുകയാണെന്നും അതിനാൽ പാർട്ടി വിടുകയാണെന്നും സോണിയ ഗാന്ധിക്കയച്ച കത്തിൽ വ്യക്തമാക്കി.
'തന്റെ അന്തസിന് യോജിച്ച നിലയിൽ പാർട്ടിക്ക് പുറത്ത് നിന്ന് ദേശീയ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ കഴിയും. 46 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിക്കുകയാണെങ്കിലും പൊതു പ്രവർത്തനം തുടരുമെന്നും രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും' അശ്വനികുമാർ പറഞ്ഞു.
'ഇത് പെട്ടെന്നെടുത്ത തീരുമാനമല്ല. ഞാൻ കേട്ടിട്ടില്ലാത്തതും കണ്ടിട്ടില്ലാത്തതുമായ സാഹചര്യമാണ് പാർട്ടിയിലുള്ളത്. പാർട്ടിയിൽ നിന്ന് കൊണ്ട് രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാൻ എനിക്ക് കഴിയുന്നില്ലെങ്കിൽ ഞാൻ പാർട്ടിയിൽ തുടരുന്നതിൽ അർത്ഥമില്ല. ഗാന്ധി കുടുംബവുമായി സംസാരിച്ചിട്ടില്ല. നമ്മുടെ വേദന മനസിലാക്കാത്തവരോട് സംസാരിച്ചിട്ട് കാര്യമില്ല. ഒരു പാർട്ടിയെയും തൊട്ട് കൂടാത്തവരായി കാണുന്നില്ല. രാജ്യത്തെ എല്ലാ തെറ്റുകൾക്കും ഒരാളാണ് ഉത്തരവാദിയാണെന്നും ഞാൻ വിശ്വസിക്കുന്നില്ല. ഏതെങ്കിലും പാർട്ടിയിൽ ചേരണമോ വേണ്ടയോ എന്ന് പിന്നീട് തീരുമാനിക്കും.'- അദ്ദേഹം ചൂണ്ടിക്കാട്ടി.
പാർട്ടിയിൽ തിരുത്തൽ വേണമെന്ന് അവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് 23 മുതിർന്ന നേതാക്കൾ കത്തയച്ചപ്പോൾ അതിനെ എതിർത്ത അശ്വനികുമാർ സോണിയയുടെ ഏറ്റവും അടുത്തയാളായാണ് അറിയപ്പെട്ടിരുന്നത്.
കോൺഗ്രസ്
ഉത്കണ്ഠാകുലരാകണം: മനീഷ് തിവാരി
അശ്വനികുമാറിന്റെ രാജിയിൽ കോൺഗ്രസ് ഉത്കണ്ഠാകുലരാകണമെന്ന് ജി 23 ലെ പ്രമുഖ നേതാവ് മനീഷ് തിവാരി പറഞ്ഞു. ഈ രാജി ദൗർഭാഗ്യകരമാണ്. പാർട്ടിയിൽ ക്രിയാത്മകമായ മാറ്റത്തിനായി ഞങ്ങൾ സോണിയ ഗാന്ധിക്ക് കത്തെഴുതിയപ്പോൾ എന്നെ ഏറ്റവും കൂടുതൽ വിമർശിച്ചത് അദ്ദേഹമായിരുന്നു. 46 വർഷം കോൺഗ്രസിൽ പ്രവർത്തിച്ച അദ്ദേഹം പോകുന്നത് പാർട്ടിക്ക് ദോഷം ചെയ്യും. ആഴത്തിൽ ചിന്തിക്കേണ്ട സമയമാണ്. തിരഞ്ഞെടുപ്പ് കാലമായതിനാൽ കൂടുതലൊന്നും പറയുന്നില്ല.