rahul

ന്യൂഡൽഹി: നിറവേറ്റാൻ കഴിയാത്ത വാഗ്ദാനങ്ങൾ നൽകാൻ ഞാൻ നരേന്ദ്ര മോദിയോ, പ്രകാശ് സിംഗ് ബാദലോ, അരവിന്ദ് കെജ്‌രിവാളോ അല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. എനിക്ക് പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കാനാവില്ല. അത്തരത്തിൽ നിങ്ങളെ വഞ്ചിക്കുന്ന വാഗ്ദാനങ്ങൾ കേൾക്കണമെങ്കിൽ മോദിജി, ബാദൽജി, കെജ്‌രിവാൾജി എന്നിവരുടെ പ്രസംഗം കേട്ടാൽ മതി. പഞ്ചാബിലെ രാജ്പുരയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചാബിനെ രക്ഷിക്കാൻ നാം ഐക്യത്തോടെ മുന്നോട്ട് പോകണം. സംസ്ഥാനത്ത് സമാധാനവും സമൃദ്ധിയുമാണ് പ്രധാനപ്പെട്ട കാര്യം. അതുകൊണ്ട് അനുഭവസമ്പത്തില്ലാത്ത പാർട്ടികളെ പരീക്ഷിക്കാൻ അവർ തയാറാകില്ല. കൊവിഡ് രൂക്ഷമായ കാലത്ത് ഡൽഹിയിലെ ആശുപത്രികളിൽ സംഭവിച്ചത് എല്ലാവർക്കുമറിയാം. അന്ന് ഡൽഹി മുഖ്യമന്ത്രി എവിടെയായിരുന്നു. കെജ്‌രിവാൾ മറുപടി പറയണമെന്നും രാഹുൽ പറഞ്ഞു.