cbi

ന്യൂഡൽഹി: സ്‌റ്റേറ്റ് ബാങ്ക് നേതൃത്വത്തിലുള്ള 28 ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 22,842 കോടി രൂപയുടെ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ എ.ബി.ജി ഷിപ്പ്‌‌യാർഡ് മുൻ ചെയർമാനും എംഡിയുമായ റിഷി കമലേഷ് അഗർവാൾ, മുൻ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ സന്താനം മുത്തുസ്വാമി, ഡയറക്‌ടർമാരായ അശ്വിനി കുമാർ, സുശീൽ കുമാർ അഗർവാൾ, രവി വിമൽ നേവേതിയ എന്നിവർക്കെതിരെ സി.ബി.ഐ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇവർ വിമാനത്താവളം, തുറമുഖം എന്നിവ വഴി രാജ്യം വിടുന്നത് തടയാനാണിത്.

ഇവർ 98ഒാളം കമ്പനികളിലേക്ക് വായ്പ തുക വഴിതിരിച്ചുവിട്ട് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. കടമെടുത്ത ശേഷം ബാങ്കുകളെ പറ്റിച്ച് നാടുവിട്ട കിംഗ്ഫിഷർ ഉടമ വിജയ് മല്ല്യ, രത്നവ്യാപാരികളായ നീരവ് മോഡി, മെഹുൽ ചോക്സി എന്നിവരുടെ നിരയിലേക്ക് എത്തിയിരിക്കുകയാണ് രാജ്യം കണ്ട ഏറ്റവുംവലിയ ബാങ്കിംഗ് തട്ടിപ്പ് നടത്തിയ എ.ബി.ജി ഷിപ്പ്‌‌യാർഡ് ഉടമകൾ.

ചില സംസ്ഥാനങ്ങൾ കേസ് അന്വേഷണത്തിനുള്ള അനുമതി നൽകാത്തത് ഇത്തരം തട്ടിപ്പുകളുടെ അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്ന് സി.ബി.ഐ അറിയിച്ചു. അതേസമയം എ.ബി.ജി ബാങ്ക് തട്ടിപ്പ് ഡൽഹിയിലാണ് രജിസ്റ്റർ ചെയ്‌തത്.