hijab

ന്യൂഡൽഹി​: ഇന്ത്യയി​ലെ ഹി​ജാബ് വി​വാദത്തെ അപലപിച്ച 57 മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒാർഗനൈസേഷൻ ഒഫ് ഇസ്ലാമിക് കോർപറേഷനെ (ഒ.ഐ.സി) ചില നിക്ഷിപ്‌ത താത്പര്യക്കാർ സ്വാധീനിച്ചെന്ന് ഇന്ത്യ. ഹിജാബ് വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ച പ്രസ്‌താവന തെറ്റിദ്ധരിപ്പിക്കുന്നതും വർഗീയ ലാക്കോടെയുള്ളതുമാണെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.

ഇന്ത്യയിലെ ആഭ്യന്തര വിഷയങ്ങൾ ഭരണഘടനാ ചട്ടങ്ങൾക്കും സംവിധാനങ്ങൾക്കും ഉള്ളിൽ നിന്ന് പരിഹരിക്കേണ്ടവയാണ്. നിക്ഷിപ്ത താത്പര്യക്കാരുടെ സ്വാധീനത്തിൽ യാഥാർത്ഥ്യം മനസിലാക്കാതെയാണ് പ്രസ്‌താവന നടത്തിയതെന്നും ബാഗ്ചി ചൂണ്ടിക്കാട്ടി. ഹിജാബ് വിവാദത്തെയും ഹരിദ്വാറിലെ വിദ്വേഷ പ്രസംഗത്തെയും ഒ.ഐ.സി അപലപിച്ചിരുന്നു.