modi

ന്യൂഡൽഹി:കർത്താർപൂർ സാഹിബ് ഇന്ത്യയോട് ചേർക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഞ്ചാബിലെ പത്താൻകോട്ടിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കർത്താർപൂർ പാകിസ്ഥാനിൽ നിന്നും തിരിച്ച് പിടിക്കാൻ ലഭിച്ച മൂന്ന് അവസരങ്ങളും ഉപയോഗിക്കാൻ കോൺഗ്രസിന് സാധിച്ചില്ല. ഗുരുരവിദാസിന് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്.

ഇന്ത്യൻ സൈന്യത്തിനെതിരെ ചോദ്യങ്ങൾ ഉയർത്തുന്ന കോൺഗ്രസിന്റെ കൈകളിൽ സംസ്ഥാനം സുരക്ഷിതമല്ല. പാകിസ്ഥാൻ പത്താൻകോട്ട് ആക്രമിച്ചപ്പോഴും പുൽവാമ ആക്രമണത്തെ സംബന്ധിച്ചും കോൺഗ്രസ് സൈന്യത്തെ ചോദ്യം ചെയ്തു. പാക് ആക്രമണത്തിൽ വീരമൃത്യു വരിച്ചവരോട് അവർ അനാദരവ് പ്രകടിപ്പിച്ചു. ഇപ്പോഴും അവർ അത് തുടരുകയാണ്. അധികാരം കോൺഗ്രസിന് കൈമാറിയാൽ പഞ്ചാബ് സുരക്ഷിതമാകില്ല. ക്യാപ്റ്റൻ അമരീന്ദർ സിംഗ് കോൺഗ്രസിലായിരുന്നപ്പോൾ തെറ്റായ ദിശയിലേക്ക് നീങ്ങുന്നത് തടയുമായിരുന്നു. ഇപ്പോൾ അദ്ദേഹവും അവിടെയില്ല.

ബി.ജെ.പി അധികാരത്തിലേറിയ സ്ഥലങ്ങളിലെല്ലാം കുടുംബ രാഷ്ട്രീയവും റിമോട്ട് കൺട്രോൾ ഭരണ സംവിധാനവും ഇല്ലാതായിട്ടുണ്ട്. കോൺഗ്രസും ആം ആദ്മി പാർട്ടിയും ഒരേ താളത്തിലാണ് പ്രവർത്തിക്കുന്നത്. പഞ്ചാബിന്റെ അതിർത്തികളിലെ സുരക്ഷ, വികസനം, അടിസ്ഥാന സൗകര്യം എന്നീ കാര്യങ്ങളിൽ സർക്കാർ വലിയ നവീകരണ പ്രവർത്തനങ്ങൾ നടത്തും. പണ്ട് ഡൽഹി - ജമ്മു ട്രെയിൻ യാത്രയ്ക്കിടെ പത്താൻകോട്ട് റെയിൽവെ സ്റ്റേഷനിൽ താമസിച്ചിരുന്ന ദിവസങ്ങളും പ്രധാനമന്ത്രി അനുസ്മരിച്ചു.