modi-rahul-and-priyanka

ന്യൂഡൽഹി:ഗുരുരവി ദാസ് ജയന്തി ദിനത്തിൽ ഡൽഹി കരോൾ ബാഗിലെ ഗുരു രവിദാസ് വിശ്രംധാം മന്ദിറിലെത്തി വിശ്വാസികളോടൊപ്പം നിലത്തിരുന്ന് ഭജനയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ രാവിലെ ഡൽഹിയിലെ ക്ഷേത്രത്തിലെത്തിയ മോദി സ്ത്രീകളടക്കമുള്ള ഭക്തരോടൊപ്പം ശപഥ് കീർത്തനാലാപനത്തിലാണ് പങ്കെടുത്തത്. കീർത്തനങ്ങൾക്ക് സംഗീതോപകരണമുപയോഗിച്ച് താളം പിടിച്ച മോദി ഭക്തരുമായി അല്പ സമയം പങ്കിട്ടു.

കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ഛന്നി പ്രിയങ്ക ഗാന്ധി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്,തുടങ്ങിയ നേതാക്കൾ വാരണാസിയിൽ ഗുരു രവിദാസിന്റെ ജന്മസ്ഥലത്തെ സന്ത് ശിരോമണി ഗുരു രവിദാസ് ജൻ ആസ്ഥാനമന്ദിരത്തിലെത്തിയും പ്രണാമമർപ്പിച്ചു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നേതാക്കളുടെ സന്ദർശനത്തിന് പ്രാധാന്യമേറെയാണ്.

യോഗി രവിദാസിന്റെ ജന്മസ്ഥലത്ത് നടന്ന സീർ ഗോവർദ്ധൻ ചടങ്ങിൽ പങ്കെടുഞ്ഞു. രാഹുലും പ്രിയങ്കയും ആസ്ഥാനമന്ദിരത്തിൽ പ്രാർത്ഥിച്ച ശേഷം ഭക്തർക്ക് ലംഗറിൽ ഭക്ഷണം വിളമ്പി.

 15-ാം നൂറ്റാണ്ടിലെ ഭക്തി പ്രസ്ഥാനത്തിന്റെ നേതാവും കവിയുമായിരുന്ന ഗുരു രവിദാസിന്റെ ജയന്തി പഞ്ചാബ് ജനസംഖ്യയിൽ 30 ശതമാനം വരുന്ന ദളിതർക്കിടയിലെ പ്രാധാന്യമേറിയ ചടങ്ങാണ്. ഈ മാസം 14 ന് നടത്താൻ നിശ്ചയിച്ച പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പ് 20 ലേക്ക് മാറ്റിയത് ഗുരു രവിദാസ് ജയന്തിയുടെ പശ്ചാത്തലത്തിലായിരുന്നു.