
ന്യൂഡൽഹി: രാജ്യമെമ്പാടും വ്യാപിച്ചുകിടക്കുന്ന ഇന്ത്യൻ റെയിൽവേ ഇ കൊമേഴ്സ് ഭീമന്മാരായ ആമസോണിനെയും ഫ്ളിപ്പ്കാർട്ടിനെയും പോലെ മൊബൈൽ ആപ്പിൽ സാധനങ്ങൾ ബുക്ക് ചെയ്‌ത് വീട്ടിലെത്തിക്കുന്ന 'ഡോർ ഡെലിവറി' സേവനം നടപ്പാക്കുന്നു.
റെയിൽവേയുടെ വിപുലമായ ശൃംഖലയിലൂടെ സാധനങ്ങൾ രാജ്യത്തിന്റെ വിധ ഭാഗങ്ങളിലെ വിതരണ കേന്ദ്രങ്ങളിൽ എത്തിച്ച് തപാൽ വകുപ്പിന്റെയോ, സ്വകാര്യ കമ്പനികളുടെയോ സഹായത്തോടെ ഉപഭോക്താക്കളുടെ വീട്ടിൽ എത്തിക്കും. റെയിൽവേയുടെ പാസഞ്ചർ സൗഹൃദ പദ്ധതികളുടെ ഭാഗമാണിത്. വ്യക്തികൾക്കു മാത്രമല്ല, സാധനങ്ങൾ മൊത്തമായി വാങ്ങുന്ന ബൾക്ക് ഉപഭോക്താക്കൾക്കും റെയിൽവേയുടെ ഡോർ ഡെലിവറി സേവനം കിട്ടും. ഇതിന്റെ ട്രയൽ റെയിൽവേ തുടങ്ങി.
ഗുഡ്സ് ട്രെയിനുകൾ വഴിയുള്ള ചരക്കുനീക്കം സുഗമമാക്കാൻ റെയിൽവേയ്‌ക്കു കീഴിൽ രൂപീകരിച്ച ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപറേഷന്റെ സഹായത്തോടെയാകും ഡോർ ഡെലിവറി.
ഡൽഹി തലസ്ഥാന മേഖലയിലും ഗുജറാത്തിലെ സാനന്ദ് സെക്ടറിലും ജൂൺ-ജൂലായ് മാസങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. തുടർന്ന് മുംബയിൽ. വിവിധ സോണുകളോട് ഇതിനാവശ്യമായ മൊഡ്യൂൾ തയ്യാറാക്കാൻ റെയിൽവേ നിർദ്ദേശിച്ചിട്ടുണ്ട്.
ലോക്ക്ഡൗൺ കാലത്ത് റോഡ് ഗതാഗതം തടസപ്പെട്ടപ്പോൾ വെന്റിലേറ്ററും ഔഷധങ്ങളും ഉൾപ്പെടെയുള്ള സാധനങ്ങൾ അടിയന്തരമായി എത്തിക്കാൻ ഫാർമ കമ്പനികൾ ആശ്രയിച്ചത് റെയിൽവേയെ ആയിരുന്നു. ഇത് വിജയിച്ചതോടെയാണ് ഡോർ ഡെലിവറി എന്ന ആശയമുദിച്ചത്.
പ്രവർത്തനം ഇങ്ങനെ:
മൊബൈൽ ആപ്പ് / വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം
സാധനങ്ങൾ അയ്‌ക്കാം, സ്വീകരിക്കാം.
സാധനങ്ങളുടെ നീക്കം ട്രാക്ക് ചെയ്യാൻ ക്യു ആർ കോഡ്.
ഏകദേശ നിരക്കും സാധനങ്ങൾ എത്തുന്ന സമയവും അറിയാം.
വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സേവനം.
സാധനങ്ങൾ റെയിൽവേ കേന്ദ്രങ്ങളിൽ എത്തിക്കാം
ഉപഭോക്താക്കളുടെ സ്ഥലത്ത് വന്നും എടുക്കും
വിതരണത്തിന് ഇന്ത്യ പോസ്റ്റും സ്വകാര്യ ഏജൻസികളും