
ന്യൂഡൽഹി: രാജ്യത്തെ 15 വയസിന് മുകളിലുള്ള നിരക്ഷരരെ ലക്ഷ്യമിട്ടുള്ള 'പുതിയ ഇന്ത്യ സാക്ഷരത പദ്ധതി'ക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. നിലവിലെ വയോജന വിദ്യാഭ്യാ പദ്ധതി ഇനി 'എല്ലാവർക്കും വിദ്യാഭ്യാസം' എന്നാകും. 2022-2027 കാലയളവിൽ കേന്ദ്ര-സംസ്ഥാന സംരംഭമായി നടപ്പാക്കുന്ന പദ്ധതിക്ക് 1037.90 കോടി രൂപ വകയിരുത്തി.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ, എൻ.സി.ഇ.ആർ.ടി, നിയോസ് എന്നിവയുടെ സഹായത്തോടെയാണ് പുതിയ സാക്ഷരത പദ്ധതി നടപ്പാക്കുന്നത്. സമൂഹത്തിൽ ജീവിക്കാനാവശ്യമായ അറിവുകൾ മുതൽ ജോലി നേടാനുള്ള നൈപുണ്യം, അടിസ്ഥാന വിദ്യാഭ്യാസം, തുടർ വിദ്യാഭ്യാസം തുടങ്ങിയവയ്ക്ക് ഊന്നൽ നൽകി ഓൺലൈൻ വഴിയാകും പരിശീലനം. വിദഗ്ദ്ധ പരിശീലനം നേരിട്ട് നൽകും. പഠിതാക്കൾ പേര്, ജനനത്തിയതി, ആധാർ നമ്പർ,മൊബൈൽ നമ്പർ എന്നിവ സഹിതം രജിസ്റ്റർ ചെയ്യണം.
പഠിതാക്കളെ 15-35 , 35 വയസിന് മുകളിൽ എന്നു തിരിക്കും. പെൺകുട്ടികൾ, സ്ത്രീകൾ, ദളിത്-പിന്നാക്ക വിഭാഗം, ഭിന്നശേഷിക്കാർ, നിർമ്മാണത്തൊഴിലാളികളടക്കം അസംഘടിത മേഖലയ്ക്ക് മുൻഗണന.
അദ്ധ്യാപകർ അദ്ധ്യാപകരാകാൻ പഠിക്കുന്നവർ, വോളണ്ടിയർമാർ. ആശ വർക്കർമാർ, അംഗൻവാടി വർക്കർമാർ, എൻ.സി.സി കേഡറ്റുകൾ, എൻ.എസ്.എസ് വോളണ്ടിയർമാർ തുടങ്ങിയവരെയും ഉൾപ്പെടുത്തും.