supreme-court

ന്യൂഡൽഹി: ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയെ മലങ്കര ഓർത്തഡോക്സ് സഭാദ്ധ്യക്ഷനായി തിരഞ്ഞെടുത്തതും കാതോലിക്കാ ബാവ എടുത്ത എല്ലാ തീരുമാനങ്ങളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് യാക്കോബായ വിഭാഗം സുപ്രീംകോടതിയിൽ ഹർജി നൽകി. ഏഴ് വൈദികരെ മെത്രാപ്പൊലീത്തമാരായി തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെടുന്നു. മെത്രാപ്പൊലീത്ത പട്ടം നൽകുന്ന ചടങ്ങ് ഈമാസം 25നായതിനാൽ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളിയ ഇന്ദിര ബാനർജി അദ്ധ്യക്ഷയായ ബെഞ്ച് മൂന്നാഴ്ചയ്ക്ക് ശേഷം പരിഗണിക്കാൻ മാറ്റി.

യാക്കോബായ വിശ്വാസികളായ കോതമംഗലം മാർത്തോമ്മൻ ചെറിയപള്ളിയിലെ കുഞ്ഞച്ചൻ, പഴമറ്റം സെന്റ് മേരീസ് പള്ളിയിലെ പോൾ വർഗീസ്, ജോണി ഇ.പി എന്നിവരാണ് ഹർജിക്കാർ. ഇവർ മുമ്പ് നൽകിയ കോടതി അലക്ഷ്യ ഹർജിയിൽ ഓർത്തഡോക്സ് വൈദികർക്കും ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവർക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു.