modi

ന്യൂഡൽഹി: യു.പിക്കാരെയോ ബിഹാറികളെയോ പഞ്ചാബിൽ കയറ്റരുതെന്ന വിവാദ പരാമർശത്തിലൂടെ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നി,​ സന്ത് രവിദാസിനെയും ഗുരു ഗോവിന്ദിനെയും അപമാനിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

'സന്ത് രവിദാസിന്റെ പാരമ്പര്യത്തെയാണ് ചന്നി അവഹേളിച്ചത്. എപ്പോഴും ആളുകളെ തമ്മിൽ തല്ലിക്കുകയും ഭിന്നിപ്പുണ്ടാക്കുകയും ചെയ്യുന്ന ചിന്താഗതിയാണ് കോൺഗ്രസിനുള്ളത്. മുഖ്യമന്ത്രി ഈ പരാമർശം നടത്തുമ്പോൾ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പുഞ്ചിരിച്ച് കൊണ്ട് കൈയടിക്കുകയായിരുന്നുവെന്നും' പഞ്ചാബിലെ അബോഹറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ മോദി പറഞ്ഞു.

യു.പിയിലെ വാരണാസിയിൽ ജനിച്ച സന്ത് രവിദാസിനെയും ബീഹാറിലെ പാട്നയിൽ ജനിച്ച ഗുരു ഗോവിന്ദ് സിംഗിനെയും പഞ്ചാബിൽ നിന്നും പുറത്താക്കുമെന്നാണോ മുഖ്യമന്ത്രി പറയുന്നത്.

ഡൽഹിയിൽ ചികിത്സക്കായെത്തുന്ന മറ്റ് സംസ്ഥാനങ്ങളിലുള്ളവരെക്കുറിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നടത്തിയ പ്രസ്താവനയെയും മോദി വിമർശിച്ചു. ഈ രണ്ട് പേരെയും പഞ്ചാബിൽ അധികാരത്തിൽ നിന്ന് അകറ്റി നിറുത്തണം. എല്ലാകാലത്തും കോൺഗ്രസ് കർഷകരെ വഞ്ചിച്ചുവെന്നതിന് ചരിത്രം സാക്ഷിയാണ്. സ്വാമിനാഥൻ കമ്മിഷൻ ശുപാർശകൾ നടപ്പാക്കണമെന്ന ആവശ്യം ഏറെ നാളുകളായി നിലനിന്നിരുന്നു. എന്നാൽ അവർ ആ ഫയലുകൾ പൂഴ്ത്തിവച്ച് കള്ളം പറഞ്ഞുകൊണ്ടേയിരുന്നു. ഞങ്ങൾ സർക്കാർ രൂപീകരിച്ചതോടെ ആ ശുപാർശകൾ നടപ്പാക്കുകയായിരുന്നു.

മറ്റ് രാഷ്ട്രീയ പാർട്ടികളെ ഞാൻ വെല്ലുവിളിക്കുന്നു. ഞങ്ങളുടെ ഭരണത്തിലാണ് കാർഷിക വിളകളുടെ റെക്കാഡ് സംഭരണം നടത്തിയത്. കുറഞ്ഞ ഉത്പാദന ചെലവിൽ കൂടുതൽ വിളയും മികച്ച വിലയുമാണ് കർഷകർക്ക് വേണ്ടത്. ഞങ്ങൾ അത് നടപ്പിലാക്കാനുള്ള പരിശ്രമത്തിലാണ്. പഞ്ചാബിൽ എല്ലാം മാഫിയകളുടെ പിടിയിലാണ്. വ്യാപാരികൾ മാഫിയയുടെ കാരുണ്യത്തിലാണ് കഴിയുന്നത്. ഇത് മാറ്റിയെടുക്കാൻ പുതിയ കാഴ്ചപ്പാടും ചിന്തയുമുള്ള സർക്കാരാണ് പഞ്ചാബിലെ ജനങ്ങൾക്ക് വേണ്ടതെന്നും മോദി പറഞ്ഞു.