
ന്യൂഡൽഹി: പഞ്ചാബ് പഞ്ചാബികൾ നയിക്കണമെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നി പറഞ്ഞതെന്ന വിശദീകരണവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധി പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രിയങ്കയുടെ സാന്നിദ്ധ്യത്തിൽ യു.പിയിലെയും ബീഹാറിലെയും ആളുകളെ പഞ്ചാബിൽ കടന്ന് ഭരിക്കാൻ അനുവദിക്കരുതെന്ന് ചന്നി പറഞ്ഞത് വൻ വിവാദമായിരുന്നു.
"ചന്നിയുടെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. യു.പിയിൽ നിന്ന് ആർക്കും പഞ്ചാബിൽ വന്ന് ഭരണം നടത്താൻ താത്പര്യമുണ്ടെന്ന് ഞാൻ കരുതുന്നില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമാണ് പ്രധാനമന്ത്രി പഞ്ചാബ് സന്ദർശിക്കുന്നത്. കർഷക പ്രക്ഷോഭം നടക്കുമ്പോൾ അദ്ദേഹത്തെ കണ്ടില്ല. ഡൽഹി ശരിയായി ഭരിക്കുന്നതിൽ പരാജയപ്പെട്ട അരവിന്ദ് കെജ്‌രിവാൾ ഇപ്പോൾ പഞ്ചാബ് ഭരിക്കാനാകുമെന്ന് അവകാശപ്പെടുകയാണ്. ഇതെങ്ങിനെ സാധിക്കും."- പ്രിയങ്ക ചോദിച്ചു.