manmohan-singh

ന്യൂഡൽഹി: പഞ്ചാബ് തിരഞ്ഞെടുപ്പ് 20ന് നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. കഴിഞ്ഞ ഏഴ് വർഷങ്ങളായി രാജ്യം ഭരിക്കുന്ന സർക്കാരിന്റെ തെറ്റുകൾ തിരുത്തുന്നതിന് പകരം ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ കുറ്റപ്പെടുത്തുകയാണ് നരേന്ദ്രമോദിയെന്ന് മൻമോഹൻ സിംഗ് വീഡിയോ സന്ദേശത്തിൽ ആരോപിച്ചു.

വളരെ പ്രധാനപ്പെട്ട പദവിയാണ് പ്രധാനമന്ത്രിയെന്നത്. 10 വർഷം പ്രധാനമന്ത്രിയായിരുന്നപ്പോൾ ഞാൻ പ്രവൃത്തികളിലൂടെയാണ് സംസാരിച്ചത്. ഇന്ത്യയുടെ അഭിമാനത്തെ തകർക്കാനോ ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ രാജ്യത്തിന്റെ അഭിമാനം നഷ്ടപ്പെടാനോ അനുവദിച്ചിട്ടില്ല. നേതാക്കളെ കെട്ടിപ്പിടിച്ചത് കൊണ്ടോ ക്ഷണിക്കാതെ പോയി ബിരിയാണി കഴിച്ചത് കൊണ്ടോ ബന്ധങ്ങൾ മെച്ചപ്പെടുത്താനാകില്ല. ബ്രിട്ടിഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കൽ തന്ത്രമാണ് ബി.ജെ.പി പിന്തുടരുന്നത്. സാമ്പത്തികനയം, വിദേശനയം എന്നിവയിൽ കേന്ദ്ര സർക്കാർ വൻ പരാജയമായി.

കർഷകരുടെ പ്രശ്നങ്ങൾ, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിലെല്ലാം കേന്ദ്ര സർക്കാർ പരാജയപ്പെട്ടിരിക്കുന്നു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് ഉണ്ടായ സുരക്ഷാ വീഴ്ചയുടെ പേരിൽ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നിയെയും പഞ്ചാബികളെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കർഷക പ്രക്ഷോഭം നടന്നപ്പോഴും പഞ്ചാബികളെ അപമാനിച്ചു. ലോകം മുഴുവൻ പഞ്ചാബികളുടെ ധീരതയും ദേശസ്നേഹവും പ്രകീർത്തിക്കപ്പെടുമ്പോൾ കേന്ദ്ര സർക്കാർ ഇതിനെക്കുറിച്ച് മിണ്ടുന്നില്ല. പഞ്ചാബിൽ നിന്നുള്ള യഥാർത്ഥ ഇന്ത്യക്കാരൻ എന്ന നിലയിൽ തന്നെ ഇതെല്ലാം വേദനിപ്പിക്കുന്നുവെന്നും മൻമോഹൻ സിംഗ് പറഞ്ഞു.