
ന്യൂഡൽഹി: യുക്രെയിനിൽ നിന്നും ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കാൻ ഈ മാസം 3 വന്ദേ ഭാരത് വിമാനങ്ങൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ. 22, 24,26 തിയതികളിലാണ് വിമാനം സർവീസ് നടത്തുമെന്നറിയിച്ചത്.
കൂടുതൽ വന്ദേ ഭാരത്, ചാർട്ടർ വിമാനങ്ങൾ പ്രഖ്യാപിക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചിട്ടുണ്ട്. യുക്രെയിനിലെ ബോറിസ്പിൽ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നുമാണ് ഇന്ത്യയിലേക്ക് സർവീസ് നടത്തുന്നത്. എയർ ഇന്ത്യ ബുക്കിംഗ് ഓഫീസുകൾ, വെബ് സൈറ്റ്, കാൾ സെന്റർ, അംഗീകൃത ട്രാവൽ ഏജൻസി എന്നിവയിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്ന് എയർ ഇന്ത്യ ട്വീറ്റ് ചെയ്തു.
ഇന്ത്യയ്ക്കും യുക്രെയിനും ഇടയിലെ വിമാന സർവീസുകൾക്കുള്ള എല്ലാ നിയന്ത്രണങ്ങളും വ്യോമയാന മന്ത്രാലയം നീക്കിയതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. യാത്രക്കാരുടെ പരമാവധി എണ്ണം നിശ്ചയിക്കുന്ന ഓരോ വിമാന കമ്പനികളുമായുള്ള ഉടമ്പടികളും താത്കാലികമായി മരവിപ്പിച്ചു. ഇതിലൂടെ ആവശ്യാനുസരണം വിമാന സർവീസുകൾ നടത്താനാകുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. വിമാന സർവീസുകളുടെ എണ്ണം വളരെ കുറഞ്ഞെന്ന പരാതിയെ തുടർന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ ഇടപെടൽ. ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ ചാർട്ടേഡ് വിമാനങ്ങളും ഏർപ്പെടുത്തും. ഇതിനായി വിദേശകാര്യ മന്ത്രാലയവുമായുള്ള ചർച്ച തുടരുകയാണ്. എയർ ഇന്ത്യയുടെ കൂടുതൽ സർവീസുകൾ തുടങ്ങുന്ന കാര്യം വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.