ahmedabad-serial-blasts

ന്യൂഡൽഹി:അഹമ്മദാബാദ് സ്ഫോടന പരമ്പര അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണെന്നും കൂടുതൽ ആളുകളെ കൊല്ലാൻ പ്രതികൾ ലക്ഷ്യമിട്ടതായും പ്രത്യേക കോടതി. കൂടുതൽ പേരെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ രണ്ട് ആശുപത്രികളിലും പ്രതികൾ സ്ഫോടനം ആസൂത്രണം ചെയ്തതായി 7,000 പേജുള്ള വിധിയിൽ കോടതി ചൂണ്ടിക്കാട്ടി. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി, മുൻ മന്ത്രി അമിത് ഷാ, ആനന്ദിബെൻ പട്ടേൽ, നിതിൻ പട്ടേൽ തുടങ്ങിയവരെ പ്രതികൾ ഉന്നമിട്ടിരുന്നു. ഗുഡാലോചനയുടെ ഓരോ ഘട്ടത്തിലും പ്രതികളെല്ലാവരും പരസ്പരം സഹകരിച്ചു.

2002 നും 2008നും ഇടയിൽ അഹമ്മദാബാദ്, വഡോദര, സൂറത്ത് തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി യോഗങ്ങൾ നടത്തി. വാടക വീടുകളിലും ഹോട്ടലുകളിലും വ്യാജ പേരുകളിൽ താമസിച്ച് ബോംബുകൾ നിർമ്മിച്ചു. നരേന്ദ്ര മോദി, അമിത് ഷാ തുടങ്ങിയവർക്കെതിരെ സമാന ആക്രമണം നടത്താൻ പദ്ധതിയിട്ടു. ഭാഗ്യം കൊണ്ടാണ് അവർ രക്ഷപ്പെട്ടത്. സൂറത്തിൽ നിക്ഷേപിച്ച 29 ബോംബുകൾ വഴി കൂടുതൽ ആളുകളെ കൊല്ലാനിട്ട പദ്ധതി ബോംബുകളിലെ സർക്യൂട്ടിലെ തകരാർ കൊണ്ട് മാത്രമാണ് നടക്കാതെ പോയത്. ജിഹാദ് എന്ന പദം വിശുദ്ധമായ ഒന്നാണ്. എന്നാൽ അത് തീവ്രവാദ സംഘടനകൾ തെറ്റായ രീതിയിൽ രാഷ്ട്രത്തിനെതിരായി ഉപയോഗിക്കുകയായിരുന്നുവെന്ന് വിധിയിൽ പറയുന്നു.