
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരായി പഴയ സഹപ്രവർത്തകൻ കുമാർ ബിശ്വാസ് ഉന്നയിച്ച വിഘടനവാദ ബന്ധം (ഖാലിസ്ഥാൻ) സംബന്ധിച്ച ആരോപണത്തിൽ വിവാദം ശക്തമാകുന്നു.
2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച് പഞ്ചാബ് മുഖ്യമന്ത്രിയാകാൻ വിഘടനവാദികളുടെ പിന്തുണ സ്വീകരിക്കാൻ കെജ്‌രിവാൾ തയാറായിരുന്നുവെന്നാണ് എ.എ.പിയുടെ സ്ഥാപക അംഗമായിരുന്ന കുമാർ ബിശ്വാസിന്റെ ആരോപണം. ഇക്കാര്യത്തിൽ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
'ഒന്നുകിൽ താൻ പഞ്ചാബിന്റെ മുഖ്യമന്ത്രിയാകും, അല്ലെങ്കിൽ ഒരു സ്വതന്ത്ര രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയാകും." എന്നാണ് കെജ്‌രിവാൾ പറഞ്ഞതെന്നും സ്വതന്ത്ര രാജ്യം ഖാലിസ്ഥാനാണെന്നും കുമാർ ബിശ്വാസ് ആരോപിച്ചു. പിന്നാലെ കുമാർ ബിശ്വാസിന്റെ അഭിപ്രായപ്രകടനം പ്രസിദ്ധീകരിക്കുന്നത് വിലക്കി പഞ്ചാബ് അഡിഷണൽ ചീഫ് ഇലക്ട്രറൽ ഓഫീസർ ഉത്തരവിട്ടു. എന്നാൽ അല്പ സമയത്തിനകം ഈ ഉത്തരവ് അദ്ദേഹം പിൻവലിച്ചു.
 കെജ്‌രിവാളിനെ അപകീർത്തിപ്പെടുത്താനും പഞ്ചാബിൽ എ.എ.പി സർക്കാർ രൂപീകരിക്കുന്നത് തടയാനും കോൺഗ്രസ്, ബി.ജെ.പി, അകാലി ദൾ നേതാക്കൾ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണിത്.
- എ.എ.പി നേതാവ് രാഘവ് ഛദ്ദ.
 പരിഹാസ്യമെന്ന് കെജ്‌രിവാൾ
പഞ്ചാബിലെ ജനങ്ങൾ പാർട്ടിക്ക് നൽകുന്ന സനേഹം എതിരാളികൾ നടത്തുന്ന ഗൂഢാലോചനകളെ പരാജയപ്പെടുത്തുമെന്ന് കെജ്‌രിവാൾ പറഞ്ഞു. കുമാർ ബിശ്വാസ് ഉന്നയിച്ച ആരോപണങ്ങൾ പരിഹാസ്യമാണ്. ഞങ്ങൾക്കെതിരെ ബി.ജെ.പിയും കോൺഗ്രസും ഒത്തുകളിക്കുകയാണ്. സ്കൂളുകളും ആശുപത്രികളും നിർമ്മിക്കുന്ന, എല്ലാവർക്കും സൗജന്യ വൈദ്യുതി നൽകുന്ന ലോകത്തിലെ ആദ്യത്തെ സ്വീറ്റ് ടെററിസ്റ്റ് ഞാനായിരിക്കുമെന്നും കെജ്‌രിവാൾ പറഞ്ഞു.
 പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു
എന്തുകൊണ്ടാണ് താൻ ഖാലിസ്ഥാനെതിരാണെന്ന് കെജ്‌രിവാൾ പറയാത്തത്. നിങ്ങൾ ഒരു ഉത്തരം മാത്രം നൽകണം. കഴിഞ്ഞ പഞ്ചാബ് തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് തീവ്രവാദ സംഘടനകളുടെ ആളുകൾ നിങ്ങളുടെ താമസസ്ഥലത്ത് വന്നിരുന്നോ ഇല്ലയോ? ഞാൻ ഇക്കാര്യത്തിലുള്ള എതിർപ്പ് ഉന്നയിച്ചപ്പോഴാണ് പഞ്ചാബുമായി ബന്ധപ്പെട്ട യോഗങ്ങളിൽ നിന്ന് എന്നെ പുറത്താക്കിയത്.
-കുമാർ ബിശ്വാസ്
കുമാർ ബിശ്വാസിന്റെ ആരോപണങ്ങളിൽ ആണോ അല്ലയോ എന്ന ലളിതമായ മറുപടിയാണ് കെജ്‌രിവാളിൽ നിന്നും പ്രതീക്ഷിക്കുന്നത്
-രാഹുൽ ഗാന്ധി