punjab-election

ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് നാളെ നടക്കും. തിരഞ്ഞെടുപ്പിലെ പരസ്യ പ്രചരണം ഇന്നലെ സമാപിച്ചു. കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നി, ക്യാപ്റ്റൻ അമരീന്ദർ സിംഗ്, അകാലി ദൾ നേതാവ് ബിക്രം സിംഗ് മജീതിയ തുടങ്ങിയവർ ഇന്നലെ വിവിധ കേന്ദ്രങ്ങളിൽ റോഡ് ഷോ നടത്തി.

93 വനിതകളുൾപ്പെടെ 1,304 സ്ഥാനാർത്ഥികളാണ് നാളെ പഞ്ചാബിൽ ജനവിധി തേടുന്നത്. ഗുരു രവിദാസ് ജയന്തി ദിനത്തിന് അടുത്ത ദിവസമായതിനാൽ ഫെബ്രു.14 ന് നടത്താനിരുന്ന തിരഞ്ഞെടുപ്പ് മാറ്റി നാളെ നടത്താൻ നിശ്ചയിക്കുകയായിരുന്നു.

 സിഖ് നേതാക്കളെ കണ്ട് പ്രധാനമന്ത്രി

ഡൽഹി ഗുരുദ്വാര കമ്മിറ്റി പ്രസിഡന്റ് ഹർമീത് സിംഗ് കൽക്ക, ബാബ ബൽബീർ സിംഗ് സിചെവാൾ, മഹന്ത് കരംജിത് സിംഗ്, ദേര ബാബ ജംഗ് സിംഗ്, ബാബ ജോഗസിംഗ്, സന്ത് ബാബ മെജോർസിംഗ് വാ തുടങ്ങിയ സിഖ് നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച്ച നടത്തി. കർത്താർ പൂർ സാഹിബിന്റെ കാര്യത്തിൽ തന്റെ സർക്കാർ സ്വീകരിച്ച നടപടികളും അഫ്ഗാനിസ്ഥാനിൽ നിന്നും ഗുരു ഗ്രന്ഥ സാഹിബ് പ്രത്യേക വിമാനത്തിൽ ഇന്ത്യയിലെത്തിച്ചതും പ്രധാനമന്ത്രി വിശദീകരിച്ചു.

കാവി നിറത്തിലുള്ള സിറോപ എന്ന ആദരവസ്ത്രം നേതാക്കൾ നരേന്ദ്ര മോദിയെ അണിയിച്ചു. നേതാക്കളോടൊപ്പം ഭക്ഷണം കഴിക്കാനായി പ്ലേറ്റുകൾ വിതരണം ചെയ്ത് കൊണ്ട് ഇന്ന് എനിക്ക് സേവാ ദിനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ ഹൃദയങ്ങളിലേക്കും എത്തിച്ചേരാൻ ശ്രമിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ് മോദിയെന്ന് നേതാക്കൾ പറഞ്ഞു.