
ന്യൂഡൽഹി:യു പി, ബീഹാർ വിരോധവും ഖാലിസ്ഥാൻ വിഘടന വാദവും കൊണ്ട് വിവാദമായ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളും പിന്നിട്ട് പഞ്ചാബിൽ ഇന്ന് ജനവിധി. യു പി - ബീഹാർ ഭയ്യാ പരാമർശത്തിലൂടെ വിവാദത്തിലായത് പഞ്ചാബ് മുഖ്യമന്ത്രിയും പ്രിയങ്ക ഗാന്ധിയുമാണെങ്കിൽ ആം ആദ്മി സ്ഥാപകാംഗവും സഹപ്രവർത്തകനുമായിരുന്ന കുമാർ ബിശ്വാസ് ഉന്നയിച്ച ഖലിസ്ഥാൻ ബന്ധമെന്ന ആരോപണത്തിൽ പെട്ടത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളാണ്.
രണ്ട് വിവാദങ്ങളും സിഖ്, ഹിന്ദു വിഭാഗങ്ങളിൽ ധ്രുവീകരണത്തിന് കാരണമായേക്കാം. ഖാലിസ്ഥാൻ വിവാദത്തിലൂടെ ഹിന്ദു വോട്ടുകൾ ലക്ഷ്യമാക്കുകയാണ് കോൺഗ്രസ്. ഹിന്ദു ഭൂരിപക്ഷ മണ്ഡലങ്ങളിൽ ശ്രദ്ധിക്കുമ്പോൾ തന്നെ സിഖ് പ്രീണനത്തിനും ശ്രമിക്കുന്ന ബി.ജെ.പി കുമാർ ബിശ്വാസിന്റെ ഖാലിസ്ഥാൻ വിവാദം ഏറ്റു പിടിച്ചില്ല. എന്നാൽ കേജ് രിവാളിനെതിരായ ആരോപണത്തിൽ അന്വേഷണം നടത്തുമെന്നാണ് അമിത് പറഞ്ഞത്. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നി അന്വേഷണം ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. താൻ ഭീകരനാണെങ്കിൽ അറസ്റ്റ് ചെയ്യൂവെന്നാണ് കേജ്‌രിവാൾ തിരിച്ചടിച്ചത്.
അഞ്ച് നദികളുടെ നാടായ പഞ്ചാബിൽ ഇന്ന് പഞ്ചമുഖ പോരാണ്. കോൺഗ്രസും എ.എ.പിയും അകാലി ദൾ, ബി.എസ്.പി സഖ്യവും ബി ജെ പി, പി.എൽ.സി, സംയുക്ത അകാലിദൾ സഖ്യവും കർഷക സംഘടനകളായ എസ്.എസ്.എം, എസ്.എസ്.പി സഖ്യവും 117 മണ്ഡലങ്ങളിലും മത്സരിക്കുമ്പോൾ അല്പം മുൻതൂക്കം ആം ആദ്മിക്ക് തന്നെ. 93 വനിതകളടക്കം 1304 സ്ഥാനാർത്ഥികളാണ് രംഗത്തുള്ളത്.
അഖിലേഷിന്
കടുത്ത മത്സരം
മൂന്നാം ഘട്ടത്തിൽ യു പിയിലെ 59 മണ്ഡലങ്ങളിൽ എസ്.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി അഖിലേഷ് യാദവും പിതൃസഹോദരൻ ശിവപാൽ യാദവും ഇന്ന് ജനവിധി തേടുകയാണ്. കർഹാലിൽ അഖിലേഷിന്റെ മത്സരം കടുത്തിട്ടുണ്ട്. കൊട്ടിക്കലാശത്തിൽ പ്രായാധിക്യം അലട്ടുന്ന പിതാവ് മുലായം സിംഗിനെയും സഹോദരൻ ശിവപാൽ യാദവിനെയും ഒന്നിച്ചിരുത്തിയാണ് അഖിലേഷ് യാദവ് റോഡ് ഷോ നടത്തിയത്. ഇത് അഖിലേഷിന് ഗുണം ചെയ്യുമെന്ന് അണികളുടെ ആവേശത്തിൽ നിന്ന് വ്യക്തം. മുമ്പ് മുലായത്തിന്റെ ശിഷ്യനായിരുന്ന കേന്ദ്രമന്ത്രി എസ്.പി സിംഗ് ബാഗേൽ നല്ല മത്സരം കാഴ്ച്ചവെക്കുന്നതായി നിരീക്ഷകർ പറയുന്നു. മണ്ഡലത്തിലെ ക്രമസമാധാന പ്രശ്നവും വികസനവും റേഷൻ വിതരണവുമുന്നയിച്ച് ബി.ജെ.പി നടത്തുന്ന പ്രചരണത്തെ പ്രതിരോധിക്കാനാണ് അഖിലേഷ് മുലായവുമായി രംഗത്തെത്തിയത്. 3.71 ലക്ഷം വോട്ടർമാരിൽ 1.44 ലക്ഷം യാദവ വോട്ടുണ്ട്. 59 മണ്ഡലങ്ങളിൽ 627 സ്ഥാനാർത്ഥികളുണ്ട്. 2017 ൽ 59 ൽ 49 ഉം ബി.ജെ.പി നേടി. എസ്.പി 9 ഉം കോൺഗ്രസും ബി.എസ്.പിയും ഓരോ സീറ്റും വിജയിച്ചു.