
ന്യൂഡൽഹി:ഒളിവിൽ കഴിയുന്ന അധോലോക നായകൻ ദാവൂദ് ഇബ്രാഹിം ഇന്ത്യയിൽ പ്രത്യേക യൂണിറ്റ് രൂപീകരിച്ചതായി എൻ.ഐ.എ വെളിപ്പെടുത്തി. ഉന്നത രാഷ്ട്രീയ നേതാക്കളുടെയും പ്രമുഖ വ്യവസായികളുടെയും ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയതായും എൻ.ഐ.എ അറിയിച്ചു. സ്ഫോടകവസ്തുക്കളും മാരകായുധങ്ങളും ഉപയോഗിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്താൻ ഈ പ്രത്യേക യൂണിറ്റുമായി ചേർന്ന് പദ്ധതി തയ്യാറാക്കിയതായും എൻ.ഐ.എ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ പറയുന്നു. മുംബൈ, ഡൽഹി നഗരങ്ങൾ കേന്ദ്രീകരിച്ചാണ് ദാവൂദ് നീക്കം നടത്തുന്നത്.
തീവ്രവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്ന ദാവൂദ് സംഘത്തിനെതിരെ ഇ ഡി കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇബ്രാഹിമിന്റെ സഹോദരൻ ഇഖ്ബാൽ കസ്കർ ഫെബ്രു.24 വരെ ഇ ഡിയുടെ കസ്റ്റഡിയിലാണ്. 2017 സെപ്തം. 18 ന് മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് അനുസരിച്ച് ഇബ്രാഹിം കസ്കറും കൂട്ടാളികളായ ഇസ്രാർ ജമീൽ സയ്യിദ്, മുംതാസ് അസാസ് ഷെയ്ഖ് എന്നിവരും മഹാരാഷ്ട്ര പൊലീസ് കസ്റ്റഡിയിലായി. മുംബൈ നഗരത്തിലെ ഫ്ലാറ്റ് ഉടമകളെ ഭീഷണിപ്പെടുത്തി ഫ്ലാറ്റുകളും കോടിക്കണക്കിന് രൂപയും കൈപ്പറ്റിയ കേസിലായിരുന്നു അറസ്റ്റ്. തുടർന്നുള്ള അന്വേഷണത്തിലാണ് മറ്റ് സാമ്പത്തിക ഇടപാടുകളും വെളിച്ചത്ത് വന്നത്. തുടർന്നാണ് ഫെബ്രു.24 ന് ഇവരെ ഇ ഡി കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.
1993 ലെ മുംബൈ സ്ഫോടന പരമ്പര കേസിലെ പ്രതിയും ദാവൂദിന്റെ അടുത്ത അനുയായിയുമായ അബൂബക്കർ ഈ മാസം ആദ്യം യു.എ.ഇയിൽ വെച്ച് അറസ്റ്റിലായിരുന്നു. 257 പേർ കൊല്ലപ്പെട്ട മുംബൈ സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകനായ ഇയാൾ പാക്കിസ്ഥാനിലും യു.എ.ഇയിലുമായി താമസിക്കുന്നതിനിടയലാണ് പിടിയിലായത്. ദാവൂദിന്റെ സഹോദരി പരേതയായ ഹസീന പാർക്കറിന്റെ നാഗ്പാഡയിലെ വസതിയിലും ഇ ഡി പരിശോധന നടത്തിയിരുന്നു. ദാവൂദ് ഇബ്രാഹിമിനെതിരെ അടുത്ത് രജിസ്റ്റർ ചെയ്ത കേസിൽ ഒരു മുതിർന്ന രാഷ്ട്രീയ നേതാവിനെ കുറിച്ചും ഇ ഡി അന്വേഷിക്കുന്നുണ്ട്. ദാവൂദ് സംഘവുമായി ഇയാൾ ഇടപാട് നടത്തിയത് കണ്ടെത്തിയിട്ടുണ്ട്. ദാവൂദ് ഇപ്പോൾ പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ രഹസ്യ താവളത്തിലാലാണെന്നാണ് അനുമാനിക്കുന്നത്.