
ന്യൂഡൽഹി: പഞ്ചാബിൽ കോൺഗ്രസ് സ്ഥാനാർത്ഥി മാളവിക സൂദ് മത്സരിക്കുന്ന മണ്ഡലത്തിൽ സഹോദരനും ബോളിവുഡ് നടനുമായ സോനു സൂദിന് തിരഞ്ഞെടുപ്പ് കമ്മിഷൻ യാത്രാ വിലക്കേർപ്പെടുത്തി. ഇന്നലെ വോട്ടെടുപ്പ് നടന്ന മോഗ മണ്ഡലത്തിൽ സഞ്ചരിച്ച് വോട്ടർമാർക്കൊപ്പം സെൽഫി എടുക്കുകയും മറ്റും ചെയ്‌ത നടനെതിരെ ശിരോമണി അകാലിദൾ നേതാവ് ദർജീന്ദർ സിംഗ് നൽകിയ പരാതിയിലാണ് നടപടി. സോനുസൂദിനെതിരെ കേസെടുക്കാൻ മോഗ എസ്.പിക്ക് ജില്ലാ മജിസ്ട്രേറ്റ് നിർദ്ദേശവും നൽകി.
എന്നാൽ താൻ ആരോടും വോട്ടഭ്യർത്ഥിച്ചിട്ടില്ലെന്നും ചില ബൂത്തുകൾ സന്ദർശിക്കുക മാത്രമാണ് ചെയ്‌തെന്നും സോനു സൂദ് പ്രതികരിച്ചു. മറ്റ് സ്ഥാനാർത്ഥികൾ വോട്ടു വിലയ്ക്കു വാങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. സോനുവിന്റെ സഹോദരി മാളവിക സൂദ് ഈയടുത്ത കാലത്താണ് കോൺഗ്രസിൽ ചേർന്നത്.