
ന്യൂഡൽഹി: ശക്തമായ പോരാട്ടം നടക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ 63.44 ശതമാനം വോട്ടർമാർ സമ്മതിദാന അവകാശം വിനിയോഗിച്ചു. 2017ൽ 77 ശതമാനമായിരുന്നു പോളിംഗ്. കർശന സുരക്ഷയിൽ നടന്ന വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. ഉത്തർപ്രദേശിൽ 16 ജില്ലകളിലെ 59 മണ്ഡലങ്ങളിൽ നടന്ന മൂന്നാം ഘട്ട വോട്ടെടുപ്പിൽ 57.44 ശതമാനമാണ് പോളിംഗ്. ഫെബ്രുവരി 10ന് നടന്ന ഒന്നാം ഘട്ടത്തിൽ 62.4ശതമാനവും 15ന് നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ 64.42ശതമാനവുമായിരുന്നു പോളിംഗ്.
പഞ്ചാബിൽ 23 ജില്ലകളിലെ 177 മണ്ഡലങ്ങളിൽ 1304 വോട്ടർമാരാണ് ജനവിധി തേടിയത്. ഭരണത്തുടർച്ചയ്ക്കായി കോൺഗ്രസും ആദ്യമായി സംസ്ഥാനം പിടിക്കാൻ ആംആദ്മി പാർട്ടിയും തിരിച്ചുവരവിനായി ബി.ജെ.പി, ശിരോമണി അകാലിദൾ കക്ഷികളും മത്സരിക്കുന്ന പഞ്ചാബിൽ ഇത്തവണ കടുത്ത പോരാട്ടമാണ്.
കോൺഗ്രസ് മൂന്നിൽ രണ്ട് ഭൂരിപക്ഷവുമായി അധികാരത്തിൽ തുടരുമെന്ന് മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നി ഖരാറിൽ പറഞ്ഞു. ചാംകൗർ മണ്ഡലത്തിലാണ് ഛന്നി ജനവിധി തേടുന്നത്. പി.സി.സി അദ്ധ്യക്ഷൻ നവ്ജോത് സിംഗ് സിദ്ദു അമൃത്സർ ഈസ്റ്റിലും മത്സരിക്കുന്നു.
80ൽ അധികം സീറ്റുകൾ നേടി ഭരണം പിടിക്കുമെന്ന് ജലാലാബാദിൽ മത്സരിക്കുന്ന സുഖ്ബീർ സിംഗ് ബാദൽ പറഞ്ഞു. ശിരോമണി അകാലിദൾ നേതാവും മുൻ മുഖ്യമന്ത്രിയുമായ പ്രകാശ് സിംഗ് ബാദൽ, സംസ്ഥാന അദ്ധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദൽ, സഹോദരിയും മുൻ കേന്ദ്രമന്ത്രിയുമായ ഹർസിമത് കൗർ എന്നിവർ ഒന്നിച്ച് മുക്ത്സർ ജില്ലയിലെ ലാമ്പിയിൽ വോട്ടു ചെയ്‌തു. പാർട്ടി 80ൽ അധികം സീറ്റിൽ ജയിക്കുമെന്ന് സുഖ്ബീർ സിംഗ് ബാദൽ പറഞ്ഞു.
സംഗ്രൂരിലെ ധുരി മണ്ഡലത്തിൽ ജനവിധി തേടുന്ന ആംആദ്മി പാർട്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥി ഭഗവന്ത് സിംഗ് മാൻ മൊഹാലിയിലും
പഞ്ചാബ് ലോക് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ക്യാപ്ടൻ അമരീന്ദർ സിംഗ് പാട്യാലയിലും കോൺഗ്രസ് നേതാവ് മനീഷ് തിവാരി ലുധിനാനയിലും വോട്ടു രേഖപ്പെടുത്തി.
പ്രതീക്ഷയോടെ അഖിലേഷ്
ഇറ്റാവാ, കാൺപൂർ, ഹാഥ്‌രസ്, ഫിറോസാബാദ് അടക്കം 16 ജില്ലകളിൽ നടന്ന മൂന്നാം ഘട്ട വോട്ടെടുപ്പിൽ കർഹാലിൽ സ്ഥാനാർത്ഥിയായ സമാജ്‌വാദി പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് അടക്കം 627 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. 2017 ൽ 59ൽ 49 ഉം ബി.ജെ.പി നേടിയ മേഖലയിലെ ഫലം നിർണായകമാണ്.
കർഷകർ മാപ്പ് നൽകില്ലെന്നും ബി.ജെ.പി യു.പിയിൽ നിന്ന് പുറന്തള്ളപ്പെടുമെന്നും ജസ്‌വന്ത് നഗറിലെ ബൂത്തിൽ ഭാര്യ ഡിംപിൾ യാദവിനൊപ്പം വോട്ടു രേഖപ്പെടുത്തിയ അഖിലേഷ് യാദവ് പറഞ്ഞു.
വോട്ടിംഗിനിടെ ഇന്നലെ വ്യാപക അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തു. മെയിൻപുരിയിൽ ബി.ജെ.പി പ്രവർത്തകനെ വെടിവച്ച സംഭവത്തിൽ സമാജ്‌വാദി പ്രവർത്തകൻ അറസ്റ്റിലായി. പലയിടത്തും സ്ഥാനാർത്ഥികളുടെ വാഹന വ്യൂഹത്തിനു നേരെ കല്ലേറുണ്ടായെന്ന് ബി.ജെ.പി പരാതിപ്പെട്ടു.
വോട്ടു രേഖപ്പെടുത്തുന്നതിന്റെ ഫോട്ടോ സമൂഹമാദ്ധ്യമങ്ങൾ വഴി പരസ്യപ്പെടുത്തിയ കാൺപൂർ മേയറും ബി.ജെ.പി നേതാവുമായ പ്രമീളാ പാണ്ഡെയ്‌ക്കെതിരെ കേസെടുത്തു.
ഡിബിയാപൂരിലെ ഹാലൗവിൽ പോളിംഗ് ഒാഫീസർ ആയ ദിനേഷ് കുമാറിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
നിയന്ത്രണം ലംഘിച്ച് പത്ത് വാഹനങ്ങൾ ഉപയോഗിച്ചതിന് കിദ്വായ് നഗറിലെ ബി.ജെ.പി സ്ഥാനാർത്ഥി മഹേഷ് ത്രിവേദിയെ പൊലീസ് തടഞ്ഞു. കാൺപൂരിലെ ജൂഹി മേഖലയിൽ ബി.ജെ.പി പ്രവർത്തകരും പൊലീസും തമ്മിൽ കൈയാങ്കളിയുണ്ടായി. ഫറൂഖാബാദിലെ ഒരു ബൂത്തിലെ വോട്ടിംഗ് യന്ത്രത്തിൽ പാർട്ടി ചിഹ്നമായ സൈക്കിൾ ഇല്ലായിരുന്നുവെന്ന് സമാജ്‌വാദി പാർട്ടി ആരോപിച്ചു.