governor-and-cm

ന്യൂഡൽഹി: പൂഞ്ചി കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശയിൽ കേരളത്തിന്‌ എന്ത് നിലപാട് സ്വീകരിക്കാനും സ്വാതന്ത്ര്യമുണ്ടെന്നും ഇക്കാര്യത്തിൽ പ്രതികരിക്കാനില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിയിൽ പറഞ്ഞു. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. മറ്റുള്ളവർ എന്തുകൊണ്ട് അങ്ങനെ നിലപാടെടുക്കുന്നു എന്ന് ചിന്തിക്കേണ്ട ആവശ്യമില്ല.

പേഴ്സണൽ സ്റ്റാഫുകളുടെ പെൻഷൻ അനാവശ്യമാണെന്ന നിലപാടിൽ മാറ്റമില്ലെന്നും ഗവർണർ പറഞ്ഞു. 30 വർഷമൊക്കെ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് പോലും പങ്കാളിത്ത പെൻഷനാണ്. സർവകലാശാലകളും അതേ പാതയിലാണ്. രണ്ടു വർഷം മാത്രം പേഴ്സണൽ സ്റ്റാഫായി ജോലി ചെയ്‌ത ശേഷം മുഴുവൻ സമയം പാർട്ടി ജോലി ചെയ്യുന്നവർക്കാണ് ഖജനാവിൽ നിന്ന് പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നത്. ഖജനാവിലെ പണം നൽകി രാഷ്‌ട്രീയ പാർട്ടികളുടെ കേഡറുകളെ സഹായിക്കേണ്ടതില്ല. സർക്കാരിനെ നേർവഴിക്കു നടത്തുക തന്റെ ഉത്തരവാദിത്വമാണ്.

ഹിജാബ് വിഷയത്തിൽ അഭിപ്രായം പറഞ്ഞതിന് മുസ്ലീം സംഘടനകൾ വിമർശിച്ചതിൽ കാര്യമില്ല. 1986ൽ ഷാബാനു കേസ് വന്നതു മുതൽ തന്റെ നിലപാട് ഇതു തന്നെയാണ്. അന്നു മുതൽ തനിക്കെതിരെ അവർ നിരന്തരം ഫത്‌വ പുറപ്പെടുവിക്കുന്നു. പുറത്താക്കുകയും ചെയ്തു. ഒരാളെ എത്ര തവണ പുറത്താക്കും. അതു പിൻവലിക്കാൻ താൻ ആവശ്യപ്പെട്ടിട്ടില്ല.


ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കണ്ട് പഠിച്ചാൽ വി.ഡി. സതീശന് പ്രതിപക്ഷ നേതാവിന്റെ ചുമതല നന്നായി നിർവഹിക്കാനാകുമെന്ന് ഗവർണർ ആവർത്തിച്ചു.