modi

ന്യൂഡൽഹി: ഭീകര പ്രവർത്തന കേസുകൾ പിൻവലിച്ചും ഭീകരരെ പിന്തുണച്ചും രാജ്യത്തിന്റെ സുരക്ഷ അപകടത്തിലാക്കുന്ന നിലപാടുള്ളവരാണ് കോൺഗ്രസും സമാജ്‌വാദി പാർട്ടിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു. ഉത്തർപ്രദേശിലെ ഹാർദോയിൽ തിരഞ്ഞെടുപ്പ് റാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊല്ലപ്പെട്ട ഭീകരൻ ഒസാമയെ (ഒസാമാ ബിൻ ലാദൻ) ബഹുമാന പുരസ്കാരം 'ജി' ചേർത്തു വിളിക്കുന്നവരാണ് പ്രതിപക്ഷം. ബട്ട്ല ഹൗസ് ഏറ്റുമുട്ടലിൽ മരിച്ച ഭീകരർക്കു വേണ്ടി കണ്ണീർ പൊഴിച്ചു. ഇത്തരം രാഷ്‌ട്രീയ പാർട്ടികളെ കരുതിയിരിക്കണം. അധികാരത്തിനു വേണ്ടി അവർ രാജ്യത്തെ അപകടപ്പെടുത്തും. രാജ്യസുരക്ഷ വച്ചാണ് അവരുടെ കളി.

2006ൽ വാരാണസി കന്റോൺമെന്റ് റെയിൽവെ സ്റ്റേഷനിലും സങ്കട്മോചൻ ക്ഷേത്രത്തിലും നടന്ന സ്ഫോടനങ്ങളിലെ പ്രതി ഷമീം അഹമ്മദിനെതിരായ കേസ് സമാജ‌്‌വാദി പാർട്ടി പിൻവലിക്കാൻ ശ്രമിച്ചു. 2007ൽ അയോദ്ധ്യയിലും ലക്‌നൗവിലും കോടതി മന്ദിരങ്ങളിൽ നടന്ന സ്ഫോടനങ്ങളിലെ പ്രതി താരിഖ് കസ്മിയ്ക്കെതിരായ കേസ് 2013ൽ അവർ പിൻവലിച്ചെങ്കിലും കോടതിയിൽ വിലപ്പോയില്ല. 14 ഭീകരർക്കെതിരായ കേസുകൾ സമാജ്‌‌വാദി സർക്കാരുകൾ പിൻവലിച്ചു. അവർ ഭരിച്ചിരുന്ന സമയത്ത് പ്രാദേശിക ക്രിമിനലുകൾക്ക് സ്വാതന്ത്ര്യം നൽകി. രാഷ്‌ട്രീയ പ്രീണനത്തിന്റെ പേരിൽ ഉത്സവങ്ങൾ പോലും തടഞ്ഞവർക്ക് മാർച്ച് 10ന് ഫലം വരുമ്പോൾ ഉചിതമായ മറുപടി ലഭിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

യു.പിയിൽ നിന്നുള്ള ലോക്‌സഭാംഗമായ തന്നെ 2014-17 കാലത്ത് കുടുംബ വാഴ്ചക്കാർ പിന്തുണച്ചില്ലെന്ന് സമാജ്‌വാദി പാർട്ടിയെ പരാമർശിച്ച് മോദി പറഞ്ഞു. അവർ തിരിച്ചു വന്നാൽ വികസനം നടക്കില്ല. മാഫിയകളെ ഭയന്ന് വ്യാപാരികൾക്ക് കച്ചവടം ചെയ്യാൻ മടിച്ചിരുന്നു. അഞ്ചുകൊല്ലം കൊണ്ട് യു.പിയിൽ മാഫിയ ഭരണം ഇല്ലാതായി. കൊള്ളയും തട്ടിപ്പും സ്‌ത്രീകൾക്കെതിരായ അക്രമണവും ഇല്ല. തിരഞ്ഞെടുപ്പ് തോൽവി ഭയന്ന് കുടുംബവാഴ്ചക്കാർ ജാതിയുടെ പേരിൽ വിഷം ചീറ്റുകയാണ്. യു.പിയുടെ വികസനമാണ് രാജ്യത്തിന്റെ വികസനമെന്നത് ഒാർക്കണമെന്നും മോദി ഒാർമ്മിപ്പിച്ചു.