amith-sha

ന്യൂഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധന വിഷയത്തിൽ കോടതിയുടെ തീരുമാനം എല്ലാവരും അംഗീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. കർണ്ണാടകയിൽ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചതിനെതിരെ സമർപ്പിച്ച ഹർജികളിൽ കർണ്ണാടക ഹൈക്കോടതി തീർപ്പു കൽപ്പിക്കാനിരിക്കെയാണ് ഷായുടെ പ്രതികരണം. കേന്ദ്രമന്ത്രിസഭയിലെ പ്രമുഖനായ ഒരാൾ ആദ്യമായാണ് വിഷയത്തിൽ പ്രതികരിക്കുന്നത്. ആത്യന്തികമായി രാജ്യം പ്രവർത്തിക്കുന്നത് ഭരണഘടനയനുസരിച്ചാണോ ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ചാണോ എന്നത് തീരുമാനിക്കേണ്ടതുണ്ട്.

തന്റെ വ്യക്തിപരമായ അഭിപ്രായം എല്ലാ മതങ്ങളിലും വിശ്വസിക്കുന്നവർ കലാലയങ്ങളിലെ യൂണിഫോം അംഗീകരിക്കണമെന്നതാണെന്നും ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞു. കോടതി തീരുമാനമെടുക്കുന്നത് വരെ മാത്രമെ വ്യക്തിപരമായ അഭിപ്രായം നില നിൽക്കുന്നുള്ളൂ. കോടതി തീരുമാനത്തെ താനും അംഗീകരിക്കേണ്ടതുണ്ട്.

കാമ്പസ് ഫ്രണ്ട് ഒഫ് ഇന്ത്യയുടെ സജീവമായ ഇടപെടലുകൾ ഈ വിഷയത്തിൽ ഉണ്ടായിരിക്കാം. വിഭാഗീയത ഉണ്ടാക്കുകയെന്ന അവരുടെ ഉദ്ദേശ്യം നടക്കാൻ പോകുന്നില്ലെന്നും ഷാ പറഞ്ഞു.

യു.പി തിരഞ്ഞെടുപ്പിൽ ധ്രുവീകരണം നടക്കുന്നുണ്ട്. അത് പാവപ്പെട്ടവരെയും കർഷകരെയും കേന്ദ്രീകരിച്ചാണ്. കിസാൻ കല്യാൺ നിധി യോജനയിലൂടെ അവർ ധ്രുവീകരിക്കപ്പെടുന്നത് തനിക്ക് കാണാൻ കഴിയും. ചൈന ഉയർത്തുന്ന വെല്ലുവിളികൾക്കെല്ലാം നരേന്ദ്ര മോദി സർക്കാർ ശക്തമായ മറുപടി നൽകിയിട്ടുണ്ട്. അതേ അവസരത്തിൽ എല്ലാ കീഴ്‌വഴക്കങ്ങളും ലംഘിച്ച് ചൈനീസ് സംഘത്തെ കണ്ട രാഹുൽ ഗാന്ധി അവരുമായി ചർച്ച ചെയ്തത് എന്താണെന്നും അമിത് ഷാ ചോദിച്ചു.