up-election

ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 9 ജില്ലകളിലെ 60 സീറ്റുകളിലേക്ക് നടക്കുന്ന വോട്ടെടുപ്പിൽ 624 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. കർഷക പ്രതിഷേധത്തിലേക്ക് വാഹനം ഇടിച്ച്‌ കയറ്റിയതിനെ തുടർന്ന് 8 പേർ കൊല്ലപ്പെട്ട ലഖിംപൂർ ഖേരി, കോൺഗ്രസിന്റെ ശക്തികേന്ദ്രമായി കരുതുന്ന റായ്ബറേലി, മനേക ഗാന്ധി, വരുൺ ഗാന്ധിമാരുടെ പ്രവർത്തന കേന്ദ്രമായ പീലിബിത്ത്, മുൻ ബി.ജെ.പി എം.എൽ.എ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കുപ്രസിദ്ധി നേടിയ ഉന്നാവോ തുടങ്ങിയ ജില്ലകളിലെ മണ്ഡലങ്ങളിൽ നടക്കുന്ന മത്സരം നിർണായകമാണ്. 60 മണ്ഡലങ്ങളിൽ 16 എണ്ണം പട്ടികജാതി മണ്ഡലങ്ങളാണ്.

ലഖിംപൂർ ഖേരിയും കർഷക പ്രക്ഷോഭവും ഉന്നാവോയും

ലഖിംപൂർ ഖേരിയിലെ അക്രമവും ഉന്നാവോ പീഡനക്കേസിൽ അതിജീവിതയുടെ അമ്മ മത്സരത്തിനിറങ്ങിയതും കർഷക പ്രക്ഷോഭവും ഇന്നത്തെ മത്സരത്തിൽ ബി.ജെ.പിയെ എത്രത്തോളം സ്വാധീനം ചെലുത്തുമെന്നത് പ്രധാന ഘടകമാണ്. ക്രമസമാധാന പ്രശ്നവും വികസനവും കൊണ്ട് ഇതിനെ മറികടക്കാനാണ് ബി.ജെ.പി ശ്രമം.

ബി.ജെ.പി 57 മണ്ഡലങ്ങളിലും സഖ്യകക്ഷിയായ അപ്നാ ദൾ മൂന്നിടത്തും മത്സരിക്കുമ്പോൾ 58 മണ്ഡലങ്ങളിൽ എസ്.പിയും സഖ്യകക്ഷിയായ സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി രണ്ട് സീറ്റുകളിലും ജനവിധി തേടുന്നു. ബി.എസ്.പിയും കോൺഗ്രസും എല്ലാ സീറ്റുകളിലും രംഗത്തുണ്ട്.

2017ലെ മത്സരത്തിൽ 60 ൽ 51 ൽ ബി.ജെ.പിയും സഖ്യകക്ഷി അപ്നാ ദൾ ഒന്നിലും വിജയിച്ചു. എസ്.പി നാല് സീറ്റും കോൺഗ്രസും ബി.എസ്.പിയും രണ്ട് സീറ്റ് വീതവും നേടി. പിലിബിത്ത്, ലഖിംപൂർ ഖേരി, ബന്ദ, ഫത്തേപൂർ എന്നീ നാല് ജില്ലകളിലും ബി.ജെ.പി അന്ന് മുഴുവൻ സീറ്റുകളിലും വിജയിച്ചു. ഹർദോയ് ജില്ലയിൽ 8 ൽ ഏഴെണ്ണവും ബി.ജെ.പി നേടിയപ്പോൾ ഒരെണ്ണം എസ്.പി വിജയിച്ചു.

'സീതാപൂരിൽ ബി.ജെ.പിക്ക് ഏഴും ബി.എസ്.പി, എസ്.പി എന്നിവർക്ക് ഓരോ സീറ്റും ലഭിച്ചു. ല‌ക്‌നൗവിലെ ഒമ്പതിൽ എട്ടും ബി.ജെ.പി വിജയിച്ചു. എസ്.പിക്ക് ഒരെണ്ണം ലഭിച്ചു. റായ്ബറേലിയിൽ ആറെണ്ണത്തിൽ മൂന്നെണ്ണം ബി.ജെ.പിക്കും രണ്ട് കോൺഗ്രസിനും ഒരെണ്ണം എസ്.പിക്കും ലഭിച്ചു.