
ന്യൂഡൽഹി: ആന്ധ്രാപ്രദേശിലെ വ്യവസായ, വിവര സാങ്കേതിക മന്ത്രി മേകപതി ഗൗതം റെഡ്ഡി (50) ഇന്നലെ പുലർച്ചെ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് വീട്ടിൽ കുഴഞ്ഞ് വീണ മന്ത്രിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം ആന്ധ്രപ്രദേശിനെ പ്രതിനിധീകരിച്ച് ദുബായ് എക്സ്‌പോയിൽ പങ്കെടുത്ത് ഞായറാഴ്ചയാണ് ഹൈദരാബാദിൽ തിരിച്ചെത്തിയത്. ദുബായ് സന്ദർശനത്തിലൂടെ ഗൗതം റെഡ്ഡി 10,350 കോടി രൂപയുടെ നിക്ഷേപമാണ് ആന്ധ്രാപ്രദേശിന് ലഭ്യമാക്കിയത്. മുൻ വൈ.എസ്.ആർ കോൺഗ്രസ് എം.പി മേകപതി രാജമോഹന റെഡ്ഡിയുടെയും മണി മഞ്ജരിയുടെയും മകനായി 1976 ഡിസം. 31ന് നെല്ലൂർ മരിപ്പാട് ബ്രാഹ്മണപള്ളി ഗ്രാമത്തിലാണ് ജനനം. ഗൗതം റെഡ്ഡി 2014ലാണ് നെല്ലൂർ ജില്ലയിലെ ആത്മകൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും ആദ്യം എം.എൽ.എയായത്. 2019 ലും അതേ മണ്ഡലത്തിൽ നിന്ന് വിജയിച്ചാണ് വൈ.എസ് ജഗമോഹൻ റെഡ്ഡി സർക്കാരിൽ മന്ത്രിയായത്. യു. കെയിലെ മാഞ്ചസ്റ്റർ സർവകലാശാലയിൽ നിന്ന് ടെക്സ്റ്റൈൽ ടെക്നോളജിയിൽ എം.എസ് സി നേടിയിട്ടുണ്ട്. മുഖ്യമന്ത്രി വൈ.എസ്.ജഗമോഹൻ റെഡ്ഡി, വൈ.എസ് രാജശേഖര റെഡ്ഡിയുടെ ഭാര്യ വൈ.എസ് വിജയമ്മ, തെലങ്കാന വൈ.എസ് ആർ കോൺഗ്രസ് അദ്ധ്യക്ഷ വൈ.എസ് ശർമ്മിള, മന്ത്രിമാരായ വി.ശ്രീനിവാസ് ഗൗഡ്, കോപ്പുല ഈശ്വർ എന്നിവർ ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. ഭാര്യ: ശ്രീ കീർത്തി. മക്കൾ: അനന്യ റെഡ്ഡി, അർജുൻ റെഡ്ഡി