
ന്യൂഡൽഹി:അഴിമതി കേസുകളിൽ കൈക്കൂലി ചോദിച്ചതിനും വാങ്ങിയതിനും തെളിവ് വേണമെന്ന് സുപ്രീം കോടതി. അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥയനുസരിച്ച് ഈ തെളിവുകൾ അനിവാര്യമാണെന്ന് ജസ്റ്റിസ് അജയ് റസ്തോഗി, ജസ്റ്റിസ് അഭയ് എസ് ഓക എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.
സെക്കന്തരാബാദിൽ വാണിജ്യനികുതി ഓഫീസറായിരുന്ന സർക്കാർ ഉദ്യോഗസ്ഥ കൈക്കൂലി വാങ്ങിയ കേസിൽ വിചാരണ കോടതി ശിക്ഷ ശരിവെച്ച തെലങ്കാന ഹൈക്കോടതി വിധി റദ്ദാക്കി കൊണ്ട് ആയിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. പ്രതി കൈക്കൂലി ചോദിച്ചത് സംബന്ധിച്ച തെളിവുകൾ വിശ്വസനീയമല്ലെന്ന് കോടതി വ്യക്തമാക്കി. അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7 അനുസരിച്ച് കൈക്കൂലി ചോദിച്ചതിനും വാങ്ങിയതിനും വ്യക്തമായ തെളിവുണ്ടെങ്കിൽ മാത്രമെ ശിക്ഷിക്കാനാകു.
ഒരു സഹകരണ സംഘത്തിന്റെ സൂപ്പർവൈസറായിരുന്നു കേസിലെ പരാതിക്കാരൻ. സഹകരണ സംഘത്തിന്റെ 1996-97 വർഷത്തെ മൂല്യനിർണ്ണയത്തിന്റെ റിപ്പോർട്ട് പൂർത്തിയാക്കാത്തതിനെ തുടർന്ന് ക്യാഷ് ബുക്ക്, ജനറൽ ലെഡ്ജർ, പർച്ചേസ് ആൻഡ് സെയിൽസ് സ്റ്റേറ്റ്മെന്റുകൾ എന്നീ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥ പരാതിക്കാരൻ രേഖകൾ ഹാജരാക്കിയിട്ടും മൂല്യനിർണ്ണയ ഉത്തരവ് നൽകുന്നതിന് 3,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായാണ് പരാതി. 2,000 മാർച്ച് മാസം വിജിലൻസിനെ സമീപിച്ച പരാതിക്കാരനും സംഘത്തിന്റെ മാനേജിംഗ് ഡയറക്ടർക്കും അടയാളപ്പെടുത്തിയ നോട്ടുകൾ നൽകി. എന്നാൽ ഈ നോട്ടുകൾ കയ്യിൽ വാങ്ങാതെ ഉദ്യോഗസ്ഥ ഡയറിയിൽ വെക്കാനാണ് ആവശ്യപ്പെട്ടതെന്നാണ് പ്രോസിക്യൂഷൻ ആരോപിച്ചത്. തുടർന്ന് കേസിൽ പ്രതി കുറ്റക്കാരിയാണെന്ന് കണ്ട് പ്രത്യേക കോടതി ശിക്ഷിച്ചു. ഈ വിധി ശരിവെച്ച ഹൈക്കോടതി ഉത്തരവിനെതിരെ ഉദ്യോഗസ്ഥ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.