
ന്യൂഡൽഹി: ഇസ്രയേലി ചാര സോഫ്റ്റ്‌വെയറായ പെഗസസ് ഉപയോഗിച്ച് ഫോൺ ചോർത്തിയെന്ന ആരോപണം അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിച്ച സാങ്കേതിക സമിതി കോടതിക്ക് കൈമാറിയ ഇടക്കാല റിപ്പോർട്ട് ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് 25ന് പരിഗണിക്കും.
റിട്ട. ജസ്റ്റിസ് ആർ.വി. രവീന്ദ്രൻ അദ്ധ്യക്ഷനും റിട്ട.ഐ.പി.എസ് അലോക് ജോഷി , ഡോ. സുദീപ് ഒബ്റോയ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് ഇടക്കാല റിപ്പോർട്ട് മുദ്രവച്ച കവറിൽ സുപ്രീംകോടതിക്ക് കൈമാറിയത്. ഈ സമിതിയെ സഹായിക്കാൻ നിയോഗിച്ച ഡോ.നവീൻകുമാർ, ഡോ. പ്രഭാഹരൻ. പി, ഡോ. അശ്വിൻ അനിൽ ഗുമാസ്റ്റെ എന്നിരടങ്ങിയ സങ്കേതിക സമിതിയുടേതാണ് റിപ്പോർട്ട്. സമിതിക്ക് മുമ്പാകെ 13 പേർ മൊഴി നൽകിയിട്ടുണ്ട്. രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസ്, അഭിഭാഷകനായ എം.എൽ. ശർമ്മ, മാദ്ധ്യമപ്രവർത്തകരായ എൻ.റാം, ശശികുമാർ എന്നിവരുൾപ്പെടെ നൽകിയ ഹർജികളും റിപ്പോർട്ടിനൊപ്പം പരിഗണിക്കും.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സുപ്രീം കോടതി വിദഗ്ദ്ധ സമിതിയെ നിയോഗിച്ചത്. രാഷ്ട്രീയ നേതാക്കൾ, പത്രപ്രവർത്തകർ, ജഡ്ജിമാർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുടെ ഫോണുകൾ ഇസ്രയേലി സ്പൈവെയർ ആയ പെഗസസ് ഉപയോഗിച്ച് ചോർത്തുന്നതായി ഒരു ആഗോള വാർത്താ കൺസോർഷ്യമാണ്
വെളിപ്പെടുത്തിയത്. ഭീമാ കൊറെഗാവ് കേസിലെ പ്രതികളുടേതുൾപ്പെടെ ഒരു ഡസനോളം സെൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്കായി സമിതിക്ക് കൈമാറിയിട്ടുണ്ട്. ഇന്ത്യയിൽ 142 പേരെയാണ് പെഗാസസ് ലക്ഷ്യമിട്ടതെന്ന് ഒരു ന്യൂസ് പോർട്ടൽ ആരോപിച്ചിരുന്നു. രാഹുൽ ഗാന്ധി, പ്രശാന്ത് കിഷോർ, നിലവിലെ രണ്ട് കേന്ദ്ര മന്ത്രിമാർ, ഒരു മുൻതിരഞ്ഞെടുപ്പ് കമ്മിഷണർ, സുപ്രീംകോടതിയിലെ രണ്ട് രജിസ്ട്രാർമാർ, ഒരു മുൻ ജഡ്ജിയുടെ പഴയ നമ്പർ, മുൻ അറ്റോർണി ജനറലിന്റെ അടുത്ത സഹായി, 40ഓളം മാദ്ധ്യമപ്രവർത്തകർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു.