
യുക്രെയിനു കിഴക്കുള്ള ഡൊണെസ്ക്, ലുഹാൻസ്ക് എന്നീ സ്വയംപ്രഖ്യാപിത റിപ്പബ്ളിക്കുകളെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ഔദ്യോഗികമായി അംഗീകരിച്ചതിനു പിന്നാലെ ഇന്നലെ യു.എൻ സുരക്ഷാ കൗൺസിൽ ചേർന്നിരുന്നു. ഈ രണ്ടു രാജ്യങ്ങളിലും റഷ്യൻ ഭാഷ സംസാരിക്കുന്നവർ ഏറെയുണ്ട്. അവരിൽ റഷ്യൻ പൗരന്മാരുമുണ്ട്. സുരക്ഷാ കൗൺസിലിൽ പാശ്ചാത്യ രാജ്യങ്ങൾ യുക്രെയിനെതിരായ റഷ്യൻ നിലപാടിനെ രൂക്ഷമായി വിമർശിച്ചു. മറ്റു രാജ്യങ്ങളും അപലപിച്ചു. എന്നാൽ റഷ്യ അദ്ധ്യക്ഷത വഹിക്കുന്ന സുരക്ഷാ കൗൺസിൽ ഒരു നടപടിയെക്കുറിച്ചും ചർച്ച ചെയ്‌തില്ല. റഷ്യയ്‌ക്കെതിരായ ഏതു നടപടിയും വീറ്റോ ചെയ്യപ്പെടുമെന്ന് ഉറപ്പായിരുന്നു.
ഈ വിഷയത്തെ നമ്മൾ രണ്ടു രീതിയിൽ വേണം കാണാൻ. ഒന്ന്, ആഗോള രാഷ്‌ട്രീയ തലത്തിൽ. നാളെ എന്തു സംഭവിക്കുമെന്ന് പ്രവചിക്കുന്നത് അബദ്ധമാകുമെങ്കിലും യുക്രെയിനെ റഷ്യ ആക്രമിച്ചു കീഴ്പ്പെടുത്തി തലസ്ഥാനമായ കെയ്‌വ് പിടിച്ചെടുത്ത് അവിടെ ഒരു സർക്കാർ രൂപീകരിക്കുമെന്ന് കരുതാനാകില്ല. അതുകൊണ്ട് പുട്ടിന് പ്രത്യേകിച്ച് നേട്ടമൊന്നുമുണ്ടാകാനില്ല. റഷ്യയും യുക്രെയിനും ഒരേ രാജ്യങ്ങളാണെന്ന പൊതു നിലപാട് പരിശുദ്ധ റഷ്യയെ ആരാധിക്കുന്ന ശരാശരി റഷ്യൻ മനസുകളിലെ ദേശസ്‌നേഹത്തെ ഉണർത്താൻ ലക്ഷ്യമിട്ടുള്ളതാണ്. പട്ടാള നടപടിയെക്കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് സൂചന ലഭിക്കണമെന്നുമില്ല.
രണ്ടാമതായി ആരും ശ്രദ്ധിക്കാതെ പോകുന്ന മറ്റൊരു പ്രധാന വസ്തുതയുണ്ട്. 1991ൽ സോവിയറ്റ് യൂണിയന്റെ തകർച്ചയ്‌ക്കു ശേഷം റഷ്യയ്ക്കും ചൈനയ്ക്കുമിടയിൽ രൂപപ്പെട്ട സഖ്യം ശക്തിപ്പെടുകയാണ്. തങ്ങൾക്കെതിരായ ഏതൊരു യു.എസ് നയവും അവരെ കൂടുതൽ അടുപ്പിക്കുകയേയുള്ളൂ. ആണവ കരാർ പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ ഇറാനും അവർക്കൊപ്പം ചേർന്നേക്കാം. ചൈനയ്‌ക്കു പിന്നാലെ പാകിസ്ഥാനും ഉണ്ടാകുമെന്നുറപ്പ്. ഈ സഖ്യം വികസിക്കുന്നത് ഒരിക്കലും ഇന്ത്യയ്‌ക്ക് നല്ലതാകില്ല.
കഴിഞ്ഞ ദിവസം സുരക്ഷാ കൗൺസിലിൽ ഇന്ത്യയുടെ നിലപാട് ശരിയായ ദിശയിലുള്ളതായിരുന്നു. വാഷിംഗ്ടണിനെ അത് നിരാശപ്പെടുത്തിയിരിക്കാം. പക്ഷേ ഇന്ത്യയ്‌ക്ക് സ്വന്തം താത്പര്യങ്ങൾ നോക്കിയേ പറ്റൂ. ഒരേ സമയം ഒന്നിലധികം പങ്കാളികളെ ഒന്നിച്ചു നിറുത്തുന്നതാണ് നയതന്ത്ര കുശലത. വാഷിംഗ്ടണുമായി കൂടുതൽ അടുക്കുന്ന അടുത്ത
കാലത്തെ പ്രവണത വച്ച് അനിവാര്യമായ തെറ്റുതിരുത്തൽ തന്നെയാണ് ഇന്ത്യ നടത്തിയത്.
(മുൻ ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ ലേഖകൻ ഇറ്റലി, ഖത്തർ, ആസ്ട്രിയ, കാനഡ, ഇറാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ അംബാസിഡറായിരുന്നു.)