supreme-court

ന്യൂഡൽഹി: സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, എൻ.ഐ.ഒ.എസ്, സംസ്ഥാന ബോർഡുകൾ എന്നിവ നടത്തുന്ന 10,12 ക്ലാസുകളിലേക്കുള്ള ഓഫ് ലൈൻ പരീക്ഷകൾക്കെതിരെ സുപ്രീംകോടതിയിൽ നൽകിയ ഹർജി ഇന്ന് പരിഗണിക്കും.

കഴിഞ്ഞ അദ്ധ്യയന വർഷത്തിലേത് പോലെ ഓഫ് ലൈൻ പരീക്ഷ റദ്ദാക്കി, മൂല്യനിർണയത്തിനായി പ്രത്യേക സ്കീം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ബാലാവകാശ പ്രവർത്തകൻ അനുഭ ശ്രീവാസ്തവ സഹായ് ആണ് ഹർജി നൽകിയത്. കൊവിഡ് വ്യാപനം ശക്തമായതിനെ തുടർന്ന് ക്ലാസുകൾ മുടങ്ങി, സിലബസ് പൂർത്തിയാക്കാനാകാത്തതിനാലാണ് ഹർജി നൽകിയതെന്നും അതിനാൽ ഓഫ് ലൈൻ പരീക്ഷകൾ നടത്തുന്നത് പ്രായോഗികമല്ലെന്നും ഹർജിക്കാരുടെ അഭിഭാഷകൻ പ്രശാന്ത് മാധവൻ കോടതിയിൽ വ്യക്തമാക്കി. ഹർജി ഇന്ന് പരിഗണിക്കാൻ ജസ്റ്റിസ് എ.എം. ഖാൻ വിൽക്കർ അദ്ധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു. ഹർജിയുടെ പകർപ്പ് സി.ബി.എസ്.ഇ ഉൾപ്പെടെ എല്ലാ കക്ഷികൾക്കും നൽകാനും കോടതി നിർദ്ദേശിച്ചു. മദ്ധ്യപ്രദേശിൽ സംസ്ഥാന ബോർഡ് പരീക്ഷകൾ ആരംഭിച്ചുവെന്നും അതിനാൽ ഹർജി അടിയന്തിരമായി പരിഗണിക്കണമെന്നുമുള്ള ഹർജിക്കാരുടെ അപേക്ഷ അംഗീകരിച്ചാണ് ഇന്ന് തന്നെ പരിഗണിക്കാൻ തീരുമാനിച്ചത്.

കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ ഓഫ് ലൈൻ പരീക്ഷകൾ റദ്ദാക്കുകയും പകരം മൂല്യനിർണയത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കാനും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന് സമാനമായ തീരുമാനമുണ്ടാകണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.