modi

ന്യൂഡൽഹി: അടുത്ത 25 വർഷത്തേക്കുള്ള മണിപ്പൂരിന്റെ ഭാവി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണിതെന്നും കഴിഞ്ഞ അഞ്ച് വർഷം ഭരണം നടത്തിയ ബി.ജെ.പി സർക്കാർ അതിനുള്ള അടിത്തറ പാകിയിരിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇംഫാലിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു നരേന്ദ്ര മോദി. കഴിഞ്ഞ അഞ്ച് വർഷം സംസ്ഥാനത്തിന് ലഭിച്ച സ്ഥിരതയും സമാധാനവും ശാശ്വതമായി നിലനിറുത്തേണ്ടതുണ്ട്.

50 വർഷം പൂർത്തിയാക്കുന്ന സംസ്ഥാനത്തിന് പതിറ്റാണ്ടുകളുടെ കോൺഗ്രസ് ഭരണം കൊണ്ട് ലഭിച്ചത് അസമത്വം മാത്രമാണ്. അഞ്ച് വർഷം കൊണ്ട് ബി.ജെ.പിയുടെ ഇരട്ട എൻജിൻ സർക്കാർ മണിപ്പൂരിന്റെ വികസനത്തിനായി ആത്മാർത്ഥതയോടെ പ്രവർത്തിച്ചു. നിങ്ങൾക്ക് നല്ല ഭരണം കാണാൻ കഴിഞ്ഞു. ഈ സ്ഥിരതയും സമാധാനവും വികസനവും നിലനിറുത്താൻ താമര ബട്ടണിൽ വിരലമർത്തുക. സംസ്ഥാനത്ത് ബി.ജെ.പി സർക്കാർ തുടരേണ്ടത് അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.