
ന്യൂഡൽഹി: തെരുവിൽ കഴിയുന്ന കുട്ടികളെ കണ്ടെത്തുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായി രാജ്യം മുഴുവൻ പൊതുവായ ഒരു നടപടിക്രമം വേണമെന്ന് സുപ്രീംകോടതി. നാഷണൽ കമ്മിഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (എൻ.സി.പി.സി.ആർ) തയാറാക്കിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ നയം രൂപീകരിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സുപ്രീംകോടതി നിർദ്ദേശിച്ചു.
ഓരോ ജില്ലകളിലെയും തെരുവിൽ കഴിയുന്ന കുട്ടികളെ കണ്ടെത്തി
ശിശുക്ഷേമ സമിതികൾക്ക് മുന്നിൽ ഹാജരാക്കണം.ഭക്ഷണം, വസ്ത്രം, ആരോഗ്യ പരിശോധനയും ചികിത്സയും നൽകി രക്ഷിതാക്കളുണ്ടെങ്കിൽ അവരെ ഏല്പിക്കുകയോ ഷെൽട്ടർ ഹോമുകളിൽ സുരക്ഷിതരാക്കണമെന്നുമാണ് നിർദ്ദേശം. ഓരോ കുട്ടിക്കും സംരക്ഷണ പദ്ധതി തയാറാക്കി സാമ്പത്തിക സഹായത്തിനുള്ള സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി തുടർ നടപടികൾ സ്വീകരിക്കണം. ഇത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമായിരിക്കും.
കോടതി നിർദ്ദേശമനുസരിച്ച് എൻ.സി.പി.സി.ആർ തയാറാക്കിയ രൂപരേഖ സത്യവാങ്മൂലമായി അഭിഭാഷക സ്വരൂപമ ചതുർവേദി കോടതിയിൽ സമർപ്പിച്ചു. സംസ്ഥാന സർക്കാരുകൾക്ക് രൂപരേഖയിൽ എന്തെങ്കിലും മാറ്റം വരുത്താൻ എൻ.സി.പി.സി.ആറിനെ സമീപിക്കാൻ സുപ്രീംകോടതി അനുമതി നൽകി. തുടർന്ന് സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികളെ കുറിച്ച് നാലാഴ്ച കഴിഞ്ഞ് റിപ്പോർട്ട് സമർപ്പിക്കണം.
അമിക്കസ്‌ക്യൂറി ശ്രദ്ധയിൽപ്പെടുത്തി
കൊവിഡ് വ്യാപനംമൂലം അനാഥരായ കുട്ടികളുടെ കാര്യം പരിഗണിക്കവെ സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി അഭിഭാഷകൻ ഗൗരവ് അഗർവാളാണ് തെരുവിൽ കഴിയുന്ന കുട്ടികളുടെ ദുരവസ്ഥ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്നാണ് തെരുവിൽ കഴിയുന്ന കുട്ടികളുടെ എണ്ണം സംസ്ഥാനങ്ങൾക്ക് അപ്ഡേറ്റ് ചെയ്യാൻ കഴിയുന്ന ഒരു കേന്ദ്രീകൃത പോർട്ടൽ തയാറാക്കാൻ എൻ.സി.പി.സി.ആറിനോട് കോടതി നിർദ്ദേശിച്ചത്.