
ന്യൂഡൽഹി:മരുന്ന് കമ്പനികളുടെ വില്പന പ്രോത്സാഹിപ്പിക്കാനായി ഡോക്ടർമാർക്ക് ഉപഹാരം നൽകുന്നത് അധാർമ്മികവും നിയമം മൂലം നിരോധിച്ചിട്ടുള്ളതുമാണെന്ന് സുപ്രീം കോടതി. ഡോക്ടർമാർക്ക് മരുന്നു കമ്പനികളുടെ പ്രതിനിധികൾ നൽകിയ ഫ്രിഡ്ജുകൾ, ലാപ്ടോപ്പുകൾ, എൽ.സി.ഡി ടിവികൾ, സ്വർണ്ണ നാണയങ്ങൾ തുടങ്ങിയ ഉപഹാരങ്ങൾക്ക് ആദായ നികുതി ഇളവുകൾക്കായി അപെക്സ് ലാബോറട്ടറീസ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് യു.യു ലളിത് ,ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് നിർണ്ണായക വിധി പുറപ്പെടുവിച്ചത്.
ഉപഹാരങ്ങൾ നൽകി ഡോക്ടർമാരെ സ്വാധീനിച്ച് മരുന്നുകൾ വാങ്ങിപ്പിക്കാൻ നടക്കുന്ന പ്രവർത്തനം പൊതു താല്പര്യത്തിന് എതിരാണ്. ഒരേ ഗുണനിലവാരമുള്ള വില കുറഞ്ഞ മരുന്നുകൾ വിപണിയിലുണ്ടാകുമ്പോഴും ഒരു വിഭാഗം ഡോക്ടർമാർ വില കൂടിയ മരുന്നുകൾ വാങ്ങാനാണ് രോഗികളോട് നിർദ്ദേശിക്കുന്നത്. മരുന്നുകളുടെ കാര്യത്തിൽ ഡോക്ടർമാരുടെ ശുപാർശകൾ സ്വാധീനിക്കപ്പെടാമെന്നത് ആശങ്കയുളവാക്കുന്ന കാര്യമാണ്. ഇത്തരം ഉപഹാരങ്ങൾ സൗജന്യമായല്ല നൽകുന്നത്. തങ്ങളുടെ മരുന്നുകളുടെ വില വർദ്ധിപ്പിക്കാനും വിപണി വിശാലമാക്കാനും ഈ ഉപഹാരങ്ങളിലൂടെ സാധിക്കുന്നു.
മരുന്ന് കമ്പനികൾ നൽകുന്ന ഉപഹാരങ്ങൾ സ്വീകരിക്കുന്നത് ശിക്ഷിക്കപ്പെടാവുന്ന കുറ്റമാണ്. ഉപഹാരങ്ങൾ നൽകാനായി മരുന്ന് കമ്പനികൾ ചെലവഴിച്ച 4.72 കോടി രൂപയ്ക്ക് 37(1) വകുപ്പ് അനുസരിച്ച് ആദായ നികുതി വകുപ്പിന്റെ ഇളവുകൾ നൽകണമെന്നാണ് കമ്പനി ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച് അപ്പലേറ്റ് ട്രിബ്യൂണലിലും മദ്രാസ് ഹൈക്കോടതിയിലും കമ്പനി നൽകിയ ഹർജികൾ തള്ളിയിരുന്നു.