up-election

ന്യൂഡൽഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് ദേശീയ തലത്തിൽ ബി.ജെ.പി വിരുദ്ധ മുന്നണിക്കായുള്ള നീക്കം ശക്തമാക്കാൻ പ്രതിപക്ഷം രാഷ്‌ട്രപതി സ്ഥാനാർത്ഥി ചർച്ചകൾ സജീവമാക്കി.
ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിനെ ബി.ജെ.പി രാഷ്‌ട്രപതി സ്ഥാനാർത്ഥിയാക്കുമെന്ന സൂചനകൾക്കിടെ എൻ.സി.പി നേതാവ് ശരദ് പവാർ, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തുടങ്ങിയ പ്രമുഖരെ കേന്ദ്രീകരിച്ചാണ് പ്രതിപക്ഷ നീക്കം.

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എന്നിവരുടെ നീക്കങ്ങളും രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ഉന്നമിട്ടാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി. ദേവഗൗഡ എന്നിവരെയും വരും ചർച്ചകളിൽ കൂട്ടിയേക്കും.

മുംബയിൽ ഉദ്ധവ് താക്കറെ - ചന്ദ്രശേഖര റാവു ചർച്ചയ്‌ക്ക് ശേഷമാണ് നിതീഷ് കുമാറിനെ പ്രതിപക്ഷ സ്ഥാനാർത്ഥിയാക്കുമെന്ന വാർത്തകൾ പ്രചരിച്ചത്. ഇപ്പോൾ എൻ.ഡി.എയിലുള്ള നിതീഷ് ബി.ജെ.പി ബാന്ധവം അവസാനിപ്പിച്ചാൽ പ്രതിപക്ഷത്തിന് സ്വീകാര്യനാവുമെന്ന് എൻ.സി.പി നേതാവ് നവാബ് മാലിക്കും പ്രസ്‌താവിച്ചു. ശക്തനായ നിതീഷിനെ ഇറക്കിയാൽ പിന്തുണ നേടാമെന്നും ബി.ജെ.പിയെ ആശയക്കുഴപ്പത്തിലാമെന്നും പ്രതിപക്ഷം കരുതുന്നുണ്ട്. ശരദ് പവാറാണ് പ്രതിപക്ഷത്തിന്റെ മറ്റൊരു പ്രമുഖൻ. 80കഴിഞ്ഞ, ആരോഗ്യപ്രശ്‌നങ്ങൾ അലട്ടുന്ന പവാറിന് സജീവ രാഷ്‌ട്രീയം വിട്ട് രാഷ്‌ട്രപതി ഭവനിൽ ചേക്കേറാൻ മനസുണ്ടെന്നാണ് സൂചന.

ഉത്തർപ്രദേശിലേക്ക് ഉറ്റുനോക്കി ബി.ജെ.പി

യു.പി അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ നിർണായകമാവും. മാർച്ച് 10ന് വരുന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ബി.ജെ.പിക്ക് നിർണായകമാണ്. പാർലമെന്റിന്റെ ഇരു സഭകളിലെ അംഗങ്ങളും സംസ്ഥാന നിയമസഭാംഗങ്ങളും ചേർന്ന ഇലക്‌ടറൽ കോളേജാണ് രാഷ്‌ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ആകെ 10,98, 903 വോട്ടുകൾ. 5,49,452 വോട്ടാണ് ഭൂരിപക്ഷം. ഉത്തർപ്രദേശിൽ മാത്രം 83,824 ഇലക്‌ടറൽ വോട്ടുണ്ട്.

2017ൽ രാംനാഥ് കോവിന്ദിനെ രാഷ്‌ട്രപതിയാക്കിയ ബി.ജെ.പി ഇക്കുറിയും സ്വന്തം നിയന്ത്രണത്തിലുള്ള വ്യക്തിയെ തന്നെയാകും പരിഗണിക്കുക. അതാണ് വെങ്കയ്യ നായിഡുവിന് സാദ്ധ്യത കൂട്ടുന്നതും. ഉപരാഷ്‌ട്രപതി രാഷ്‌ട്രപതിയാകുന്ന കീഴ്‌വഴക്കവും അദ്ദേഹത്തിന് അനുകൂലമാണ്. രണ്ടാം നിര നേതാക്കളെയാണ് പരിഗണിക്കുന്നതെങ്കിൽ കർണാടക ഗവർണറും മദ്ധ്യപ്രദേശിലെ നേതാവുമായ തൻവർചന്ദ് ഗെലോട്ടിനും സാദ്ധ്യതയുണ്ട്.